58കാരനെ വീട്ടുമുറ്റത്ത് വീണു മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകനെ പോലിസ് കസ്റ്റഡിയിലെടുത്തു. കൊഴിഞ്ഞാമ്പാറ നല്ലേപ്പിള്ളിയിൽ വാളറ തോട്ടത്തുക്കളം സി രാമന്‍കുട്ടിയാണ് (58) മരിച്ചത്. മകന്‍ ആദര്‍ശിനെയാണ് (26) കസ്റ്റഡയിലെടുത്തത്.

രാമന്‍കുട്ടി വീട്ടുമുറ്റത്ത് വീണു കിടക്കുന്നതായി ആദര്‍ശ് ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് സമീപവാസികളെ അറിയിച്ചത്. ഇയാളെ സമീപവാസിയുടെ സഹായത്തോടെ വീട്ടിലെ കട്ടിലില്‍ കൊണ്ടുകിടത്തി. തുടര്‍ന്ന്, അച്ഛന്‍ മരിച്ചതായി ആദര്‍ശ് ബന്ധുക്കളെ വിളിച്ചറിയിച്ചു. മൃതദേഹം കണ്ടവരില്‍ ചിലര്‍ക്ക് സംശയം തോന്നിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച 10 മണിക്ക് പോലിസിനെ വിവരമറിയിക്കുകയായിരുന്നു.

രാമന്‍കുട്ടിയുടെ ശരീരത്തില്‍ പലഭാഗത്തായി മര്‍ദനമേറ്റതിന്റെ പാടുകളും രക്തക്കറയും പോലീസെത്തി നടത്തിയ പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന്, വിരടയാള വിദഗ്ധര്‍, ഫൊറന്‍സിക് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. രാമന്‍കുട്ടിയുടെ ഭാര്യ ചന്ദ്രിക രണ്ടുമാസം മുന്‍പ് മരിച്ചതിനുശേഷം അച്ഛനും മകനും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്.

രാമന്‍കുട്ടി രോഗങ്ങളാല്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. കഴിഞ്ഞ ദിവസം ബന്ധുവീട്ടില്‍ പോയ രാമന്‍കുട്ടി ബുധനാഴ്ചയാണ് വീട്ടിലേക്കു തിരിച്ചെത്തിയത്. അന്നുരാത്രിയാണ് മരിച്ചത്. രാമന്‍കുട്ടിക്കും മദ്യം നല്‍കിയിരുന്നതായും ആദര്‍ശ് മദ്യപിച്ചിരുന്നതായും ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പോലിസ് പറഞ്ഞു.

ജില്ലാ ആശുപത്രിയില്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം സംസ്‌കരിക്കും. ആദര്‍ശിനെ ചോദ്യം ചെയ്തുവരികയാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും കൊഴിഞ്ഞാമ്പാറ ഇന്‍സ്പെക്ടര്‍ എം ആര്‍ അരുണ്‍കുമാര്‍ പറഞ്ഞു.

Related Posts