മലപ്പുറത്ത് കൊച്ചുപെൺകുട്ടിയെ സ്വന്തം ജീവൻ പണയപ്പെടുത്തി തെരുവുനായയുടെ പിടിയിൽ നിന്നും രക്ഷിക്കാൻ ശ്രെമിച്ച നിർമ്മാണ തൊഴിലാളിയായ സുരേഷിന് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം ആനൊഴുക്കുപാലത്തിന് സമീപം കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ​മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ലക്ഷ്യമിട്ട് തെരുവുനായ പാഞ്ഞടുക്കുന്നത് കണ്ടാണ് സമീപത്ത് ബസ് കാത്തുനിൽക്കുകയായിരുന്ന സുരേഷ് രക്ഷിക്കാൻ ശ്രമിച്ചത്. എന്നാൽ പെൺകുട്ടിയെ വിട്ട് നായ സുരേഷിന് നേരെ തിരിയുകയും ആക്രമിച്ച് വീഴ്ത്തുകയുമായിരുന്നു.

പ്രതിരോധിക്കാൻ ശ്രമിച്ച സുരേഷ് ആക്രമണത്തിനിടെ സമീപത്തെ ഓടയിലേക്ക് വീണു. ഓടയിൽ വീണ സുരേഷിൻ്റെ കയ്യിൽ നായ കടിച്ചു. നാട്ടുകാർ ഓടിക്കൂടി നായയെ അടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും ഏറെ നേരത്തേക്ക് നായ സുരേഷിൻ്റെ കയ്യിലെ പിടി വിട്ടില്ല. ശരീരത്തിൽ പതിനഞ്ചോളം ഇടങ്ങളിൽ സുരേഷിന് മുറിവേറ്റിട്ടുണ്ട്. പരിക്കേറ്റ ഇദ്ദേഹം നിലവിൽ ചികിത്സയിലാണ്.

Related Posts