കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. ഇന്ന് വൈകിട്ടോടെയാണ് കോഴിക്കോട് എളേറ്റിൽ വട്ടോളി പാലങ്ങാട് പെട്രോള്‍ പമ്പിന് സമീപത്തു വെച്ച് സ്വകാര്യ ബസ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന 20 പേർക്ക് പരിക്കേറ്റു.

പരിക്കേറ്റവരിൽ 8 പേര്‍ വിദ്യാര്‍ത്ഥികളാണ്. ഗുരുതരമായി പരിക്കേറ്റ 10 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിക്കേറ്റ മറ്റുള്ളവരെ എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സ്കൂളിൽ നിന്ന് വൈകിട്ട് വീട്ടിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളടക്കമാണ് ബസിലുണ്ടായിരുന്നത്. നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

അപകടം നടന്ന ബസിനു മുകളിലായി വൈദ്യുതി ലൈനും കുടുങ്ങി. കെഎസ്ഇബി ജീവനക്കാരെത്തി ബസിൽ നിന്ന് വൈദ്യുതി ലൈൻ അടക്കം നീക്കം ചെയ്യുകയായിരുന്നു.

Related Posts