പോലീസ് ഉദ്യോഗസ്ഥനും മെഡിക്കൽ റെപ്രസെൻ്റേറ്റീവും കാണിച്ച മനുഷ്യത്വവും ജാഗ്രതയും ഒരു ജീവൻ രക്ഷപ്പെടുത്തി. ഇരുവരും കാറിൽ ഹൃദയാഘാതംമൂലം തളർന്നു വീണയാളെ പ്രഥമശുശ്രൂഷ നൽകി ആശുപത്രിയിലാക്കി. രോഗി സുഖം പ്രാപിച്ചു വരുന്നു. എം സി റോഡിൽ നാഗമ്പടം ചെമ്പരത്തിമൂട് വളവിലാണ് സംഭവം.
ഡ്രൈവർ സീറ്റിലിരുന്ന നിർത്തിയിട്ട കാറിൽ നിന്ന് പ്രായമായ ആൾ കൈകൾ കൊണ്ട് ആംഗ്യം കാണിക്കുന്നത്, സ്കൂട്ടറിൽ ഇതുവഴിവന്ന മെഡിക്കൽ റെപ്രസന്റേറ്റീവായ എസ്. വിനയൻ്റെ ശ്രദ്ധയിൽപ്പെട്ടു. കാറിൻ്റെ എൻജിൻ ഓണായിരുന്നു. അവിടെ എത്തിയപ്പോഴേക്കും കാറോടിച്ചിരുന്നയാൾ ഡ്രൈവർ സീറ്റിലേയ്ക്ക് കുഴഞ്ഞുവീണിരുന്നു.
വായിൽ നിന്ന് നുരയും പതയും വന്നു. ജോലികഴിഞ്ഞ് ബൈക്കിൽ വീട്ടിലേയ്ക്ക് പോകുകയായിരുന്ന കോട്ടയം ട്രാഫിക് സ്റ്റേഷനിലെ പോലീസുകാരൻ അനീഷ് ഇതുകണ്ട് വാഹനം നിർത്തി. അടുത്തെത്തിയപ്പോൾ കാറിൽ ഉണ്ടായിരുന്നയാളുടെ അവസ്ഥ അനീഷിന് മനസ്സിലായി. അനീഷ് ഉടൻതന്നെ സീറ്റ് ചെരിച്ചുകിടത്തി, അബോധാവസ്ഥയിലായ ആൾക്ക് സിപിആർ നൽകി.
മറ്റൊരു യുവാവ് കാറിൽ ഇവരെ കാരിത്താസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിനയനും കൂടെ കയറി. യാത്രയ്ക്കിടെ അനീഷ് സിപിആർ നൽകിക്കൊണ്ടിരുന്നു. തെള്ളകം അടുത്തെത്തിയപ്പോള്‍ ബോധം വീണ്ടുകിട്ടി. ആശുപത്രിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.