ഹണി റോസിനെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ മുൻകൂർ ജാമ്യം തേടിയ രാഹുൽ ഈശ്വറിന് ഹൈകോടതിയിൽ നിന്ന് തിരിച്ചടി. അറസ്റ്റ് തടയണമെന്ന് രാഹുൽ ഈശ്വറിൻ്റെ ആവശ്യം ഹൈകോടതി അംഗീകരിച്ചില്ലെന്നു മാത്രമല്ല പൊലീസിനോട് റിപ്പോർട്ട് തേടിയ കോടതി ഈ കേസ് മാസം 27 ലേക്ക് മാറ്റുകയായിരുന്നു. മോശം പരാമർശങ്ങളിലൂടെ അപമാനിക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ ആക്രമിക്കാൻ നേതൃത്വം നൽകുകയും ചെയ്യുന്നുവെന്നാണ് രാഹുൽ ഈശ്വറിനെതിരെ ഹണി റോസ് പരാതി നൽകിയത്. എന്നാൽ പരാതിയിൽ കേസെടുത്തിട്ടില്ലായിരുന്നു. അതേസമയം, ഹണി റോസിനെ അപമാനിച്ചിട്ടില്ലെന്നാണ് ജാമ്യാപേക്ഷയിൽ രാഹുൽ ഈശ്വറിന്‍റെ വാദം. ബോബി ചെമ്മണ്ണൂരിന് എതിരായ കേസിൽ വീണ്ടും മൊഴിയെടുക്കുവാൻ സ്റ്റേഷനിലേക്ക് വിളിച്ചപ്പോളായിരുന്നു ഹണി റോസ് രാഹുൽ ഈശ്വരനെതിരെ കുടി പരാതി നൽകിയത്. താനും കുടുംബവും കടുത്ത മാനസിക സമ്മർദത്തിലൂടെ കടന്നുപോകാൻ പ്രധാന കാരണക്കാരൻ രാഹുൽ ഈശ്വറാണെന്ന് നടി പറഞ്ഞിരുന്നു. ഏതെങ്കിലും തരത്തിൽ ക്രൈം രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി പരിശോധിച്ചത്. എന്നാൽ ഈ സംഭവവുമായി ബന്ധപ്പെട്ട് ഏതെങ്കിലും രീതിയിലുള്ള ക്രൈം രജിസ്റ്റർ ചെയ്തതായി വ്യക്തമാക്കാൻ പ്രൊസിക്യൂഷന് സാധിച്ചിട്ടില്ല. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസിന്‍റെ നിലപാട് കോടതി തേടിയത്. സൈബർ ആക്രമണത്തിന് കാരണമായ ഒന്നും മാധ്യമങ്ങളിലൂടെ സംസാരിച്ചിട്ടില്ലെന്നും ഹണി റോസിൻ്റെ വസ്ത്ര ധാരണത്തിൽ ഉപദേശം നൽകുക മാത്രമാണ് ചെയ്‌തത് അല്ലാതെ സൈബർ ആക്രമണത്തിന് കാരണമായ ഒന്നും മാധ്യമങ്ങളിലൂടെ സംസാരിച്ചിട്ടില്ലെന്നും രാഹുൽ പറഞ്ഞു. ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്ന് തനിക്ക് അഭിപ്രായമുണ്ടെന്നും വിമർശനങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും രാഹുൽ ഈശ്വർ നേരത്തെ പറഞ്ഞിരുന്നു. ഹണി റോസിന്റെയും അമല പോളിന്‍റയുമൊക്കെ വസ്ത്രധാരണത്തെ വിമർശിച്ചിട്ടുണ്ട്. അതിൽ ഉറച്ചുനിൽക്കുന്നുവെന്നുമാണ് ചാനൽ ചർച്ചക്കിടെ രാഹുൽ പറഞ്ഞത്. സാമൂഹിക മാധ്യമങ്ങളിൽ നടിക്കെതിരെ അശ്ലീല കമൻ്റുകൾ എഴുതിയ എല്ലാവർക്കുമെതിരെ നടപടികൾ ഉണ്ടായേക്കും. നിലവിൽ നടിയുടെ പരാതിയിൽ റിമാൻഡിലായ ബോബി ചെമ്മണ്ണൂരിന്‍റെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്‌ച ഹൈകോടതി വാദം കേൾക്കും

Related Posts