ജെയ്‌നമ്മ തിരോധാന കേസിലെ പ്രതി സെബാസ്റ്റ്യൻ്റെ കാറിൽ നിന്ന് ഡീസൽ കന്നാസ്, കത്തി, ചുറ്റിക, പേഴ്‌സ് എന്നിവ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. വ്യാഴാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് കേസിൽ നിർണായകമാകുന്ന തെളിവുകൾ കിട്ടിയത്. സെബാസ്റ്റ്യന്‍റെ ഭാര്യയുടെ ഏറ്റുമാനൂരിലെ വീട്ടിൽ പാർക്ക് ചെയ്‌തിരുന്ന കാറിൽ നിന്നാണ് വസ്ക്കൾ കണ്ടെത്തിയത്.

അന്വേഷണസംഘം ബിന്ദു പദ്മനാഭന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട് സഹോദരൻ പ്രവീണിന്‍റെ മൊഴി രേഖപ്പെടുത്തി. ആലപ്പുഴയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഇറ്റലിയിലായിരുന്ന സഹോദരനെ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. പ്രവീണിൻ്റെ ഡിഎൻഎ പരിശോധിക്കുന്നതിനായി രക്തസാംപിൾ ശേഖരിച്ചു.

സെബാസ്റ്റ്യൻ്റെ വീട്ടുവളപ്പിൽനിന്നു കണ്ടെത്തിയ അസ്ഥികൾ ആരുടേതാണെന്ന് ഉറപ്പിക്കുന്നതിനായാണ് ഡിഎൻഎ പരിശോധന. പ്രവീണിന്‍റെ ഡിഎൻഎ മുൻപും പരിശോധിച്ചിരുന്നു. എന്നാൽ വർഷങ്ങൾക്കുശേഷം, അന്വേഷണം പുതിയ ഘട്ടത്തിലേക്കു കടന്നതിനാലാണ് വീണ്ടും പരിശോധിക്കുന്നത്.

ബിന്ദുവിനെ കാണാനില്ലെന്നു കാട്ടി പ്രവീൺ 2017-ലാണ് ആഭ്യന്തരവകുപ്പു സെക്രട്ടറിക്കു പരാതി നൽകിയത്. ആലപ്പുഴ ചേർത്തല കടക്കരപ്പള്ളി സ്വദേശിനിയും കോടികളുടെ സ്വത്തിന് ഉടമയായ ബിന്ദുവും സെബാസ്റ്റ്യനും തമ്മിലുള്ള ഇടപാടിൽ വസ്തു‌ക്കൾ നഷ്‌ടമായ സാഹചര്യത്തിൽ 8 പേജുള്ള വിശദമായ പരാതിയാണ് അന്ന് നൽകിയത്.

ബിന്ദുവിന്‍റെ സ്വത്തുകൾ വ്യാജരേഖ ചമച്ചും ആൾമാറാട്ടം നടത്തിയും സ്വന്തമാക്കിയെന്ന് പരാതിയിൽ പറഞ്ഞിരുന്നു. അന്ന് കേസന്വേഷിച്ച ലോക്കൽ പോലീസ് എഫ്ഐആർ ഇടുന്നതടക്കമുള്ള കാര്യങ്ങളിൽ വീഴ്ചവരുത്തിയതോടെയാണ് പ്രതി ചേർത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്‍റെ പങ്കു തെളിയാതിരുന്നത്.

Related Posts