സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ ഫിലിം കോൺക്ലേവിലെ വിവാദപരാമർശത്തിൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസിന് നിയമോപദേശം. അടൂരിന്‍റെ പ്രസംഗം മുഴുവനും പരിശോധിച്ചാൽ പരാതിയിൽ ആരോപിച്ചിരിക്കുന്ന കാര്യങ്ങൾ നിലനിൽക്കില്ലെന്നാണ് നിയമോപദേശം.

അടൂരിനെതിരെ സാമൂഹിക പ്രവർത്തകൻ ദിനു വെയിലാണ് മ്യൂസിയം പൊലീസ് സ്റ്റേഷനിലും എസ് സി, എസ് ടി കമ്മീഷനിലും പരാതി നൽകിയത്. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള സംവിധായകർക്കും വനിതാ സംവിധായകർക്കുമെതിരെ അടൂർ അധിക്ഷേപ പരാമർശം നടത്തിയതെന്നായിരുന്നു പരാതി.

അടൂർ പ്രസംഗത്തിലൂടെ എസ് സി, എസ്‌ ടി വിഭാഗത്തിലെ മുഴുവൻ അംഗങ്ങളെയും പൊതുവായി കുറ്റവാളികളോ കള്ളന്മാരോ അഴിമതി ചെയ്യാൻ സാദ്ധ്യതയുള്ളവരോ ആയി ചിത്രീകരിക്കുന്നുവെന്നാണ് ദിനു പരാതിയിൽ വ്യക്തമാക്കിയത്.

പട്ടികജാതി വിഭാഗത്തിൽ നിന്ന് സിനിമയെടുക്കാൻ വരുന്നവർക്ക് ആദ്യം പരിശീലനമാണ് നൽകേണ്ടതെന്നാണ് അടൂർ പറഞ്ഞത്. ചലച്ചിത്ര വികസന കോർപ്പറേഷൻ വെറുതേ പണം മുടക്കരുത്. ഒന്നരക്കോടി രൂപ നൽകുന്നത് വളരെ കൂടുതലാണ്.

നിലവാരമില്ലാത്ത സിനിമകളാണ് പലരും ചെയ്തതെന്നും അടൂർ പറഞ്ഞു. ഇതേത്തുടർന്ന് വേദിയിൽ നിന്ന് പ്രതിഷേധമുയർന്നെങ്കിലും വൈകാതെ അടൂർ പ്രസംഗം തുടരുകയായിരുന്നു. അടൂർ വിവാദ പരാമർശങ്ങൾ നടത്തിയത് ഫിലിം കോൺക്ലേവിന്‍റെ സമാപനവേദിയിലാണ്.

Related Posts