പ്രധാനമന്ത്രി നരേന്ദ്രമോദി ഷാങ്ഹായ് കോ ഓപറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനയിലേക്ക്. ടിയാൻജിൻ സിറ്റിയിൽ ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെയാണ് ഉച്ചകോടി നടക്കുക. മോദി 2020 ലെ ഗാൽവൻ സംഘർഷത്തിന് ശേഷം ആദ്യമായാണ് ചൈനയിലെത്തുന്നത്.
എന്നാൽ കസാനിൽ 2024 ഒക്ടോബറിൽ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി മോദി ചൈനീസ് പ്രസിഡന്റ് ഷിജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു മുമ്പ് മോദി 2019 ലാണ് ചൈന സന്ദർശിച്ചത്. യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്കുമേൽ സമ്മർദം ചെലുത്തുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ ചൈനീസ് സന്ദർശനം.
ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തേണ്ട ആവശ്യകത തിരിച്ചറിഞ്ഞാണ് ഈ സാഹചര്യത്തിൽ ഇന്ത്യയുടെ നീക്കമെന്നും വിലയിരുത്തലുകളുണ്ട്. പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലവും പാകിസ്താന് ചൈന പിന്തുണ നൽകുന്നതും സന്ദർശനത്തോടനുബന്ധിച്ച് കണക്കിലെടുക്കാവുന്നതാണ്. മോദി ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനുമായും അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയേക്കും.