അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ മൃതദേഹം തിരുവനന്തപുരത്തെ ദർബാർ ഹാളിലെ പൊതുദർശനം അവസാനിച്ചു. വിലാപയാത്രക്കായി മൃതദേഹം സജ്ജീകരിച്ച ബസിലേക്ക് മാറ്റി. തിരുവനന്തപുരത്ത് നിന്നും ഇനി ആലപ്പുഴയിലെ വേലിക്കകത്ത് തറവാട്ട് വീട്ടിലേക്കാണ് യാത്ര. ഇന്ന് രാത്രിയോടെ വിലാപയാത്ര ആലപ്പുഴയിലെത്തും. വഴിനീളെ പാർട്ടി പ്രവർത്തകർക്കും ജനങ്ങൾക്കും വിഎസിന് ആദരമർപ്പിക്കാൻ സൗകര്യം ചെയ്തിട്ടുണ്ട്.
അണമുറിയാതെ ജനപ്രവാഹമാണ് വിഎസിനെ ഒരു നോക്ക് കാണാൻ സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിൽ ഉണ്ടായിരുന്നത്. ഇപ്പോൾ തന്നെ വിലാപയാത്ര കടന്നുപോകുന്ന ദേശീയപാതയ്ക്ക് ഇരുവശവും ആൾക്കൂട്ടം നിലയുറപ്പിച്ചിരിക്കുകയാണ്. മരണവാർത്ത അറിഞ്ഞത് മുതൽ സമൂഹത്തിന്റെ നാനാതുറകളിൽ നിന്ന് തലസ്ഥാനത്തേക്ക് അനേകം മനുഷ്യർ ഒഴുകിയെത്തുകയും ചെയ്തു.
സമര തീക്ഷ്ണമായ ജീവിതം കൊണ്ട് കേരളത്തിന്റെ സാമൂഹിക മനസാക്ഷിയുടെ നേതാവായി മാറിയ വിഎസിന് ആദരപൂർണ്ണമായ യാത്രാമൊഴിയാണ് തിരുവനന്തപുരം നൽകിയത്. തിരുവനന്തപുരത്ത് രാവിലെ 9 മണിക്ക് ദർബാർ ഹാളിൽ എത്തിച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, മന്ത്രിമാർ, സിപിഎമ്മിന്റെ പിബി അംഗങ്ങൾ, പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ അടക്കം മത സാമുദായിക സാമൂഹിക രാഷ്ട്രീയ മേഖലകളിലെ ഒട്ടേറെ പ്രമുഖർ പ്രിയ നേതാവിന് ആദരം അർപ്പിച്ചു. വിഎസിന്റെ അനുയായികളും ആരാധകരും വിവിധ ജില്ലകളിൽ നിന്ന് തലസ്ഥാനത്തേക്ക് ഒഴുകിയെത്തി. വിഎസിനൊപ്പം പാർട്ടിയിലെ പോരാട്ട കാലത്ത് നിന്ന പ്രമുഖർ എല്ലാം അവസാനമായി അദ്ദേഹത്തെ കണ്ടു.