കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പടെ 11 പേരുടെ ജീവനെടുത്ത ഷിരൂർ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം. കനത്ത മഴയിൽ ഷിരൂരിൽ 2024 ജൂലൈ 16നായിരുന്നു മണ്ണിടിച്ചിലുണ്ടായത്. അർജുന്‍റെ മൃതദേഹാവശിഷ്ടവും ട്രക്കും ഗംഗാവലി പുഴയുടെ അടിത്തട്ടിൽ നിന്ന് 72 ദിവസം നീണ്ടുനിന്ന രക്ഷാ ദൗത്യത്തിനൊടുവിലാണ് കണ്ടെടുത്തത്. ഷിരൂർ ഒരു വലിയ പാഠമായിരുന്നുവെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ കെ ലക്ഷ്മിപ്രിയ പറഞ്ഞു.

ഷിരൂരിൽ കഴിഞ്ഞ വർഷം ജൂലൈ 16-ന് രാവിലെയുണ്ടായ വൻ മണ്ണിടിച്ചിൽ വലിയ ദുരന്തമാണ് വിതച്ചത്. അർജുന്‍റെ തിരോധാനം സംഭവത്തെ ദേശീയ ശ്രദ്ധയിലെത്തിച്ചു. കർണാടക ഷിരൂരിലെ ദേശീയപാത 66-ൽ ജൂലൈ പതിനാറിന് രാവിലെ എട്ടേ കാലോടെയാണ് ദുരന്തമുണ്ടായത്. മണ്ണും പാറയും ചെളിയും ദേശീയപാതയിലേക്ക് ഇരച്ചെത്തി. ഒരു ചായക്കടയും സമീപത്തെ വീടുകളും തകർന്നു. മലയാളി ഡ്രൈവറായ അർജുൻ ഉൾപ്പെടെ നിരവധി പേരെ കാണാതായി വിവരം. തുടർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും മഴ തടസ്സമായി.

മൂന്നു ഘട്ടങ്ങളായിട്ടായിരുന്നു തിരച്ചിൽ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ദുരന്തസ്ഥലം സന്ദർശിക്കുകയും രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. കാർവാർ എം എൽ എ സതീഷ് കൃഷ്ണ സെയിൽ സജീവമായി രംഗത്ത്. തിരച്ചിൽ പേരിനു മാത്രമേയുള്ളുവെന്ന് അർജുന്‍റെ ബന്ധുക്കളുടെ ആരോപണം. എൻ ഡി ആർ എഫും നാവികസേനയുടെ മുങ്ങൽ വിദഗ്ധരും തിരഞ്ഞിട്ടും ശ്രമങ്ങൾ വിഫലമായി.

പുഴയിൽ സോണാർ, റഡാർ പരിശോധനകൾ ജൂലൈ 20-ന് നടത്തി. മലയാളി മേജർ ജനറൽ എം ഇന്ദ്രബാലനും ജൂലൈ 25ന് സംഘവും തിരച്ചിലിന് എത്തുന്നു. ജൂലൈ 26 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ദുരന്തസ്ഥലം സന്ദർശിക്കുന്നു. ജൂലൈ 27ന് സന്നദ്ധപ്രവർത്തകൻ ഈശ്വർ മാൽപെയും സംഘവും തിരച്ചിലിന് എത്തുന്നു.

താൽക്കാലികമായി ദൗത്യം ജൂലൈ 28ന് നിർത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് ദൗത്യം തുടരുമെന്ന് അറിയിക്കുന്നു. പല വാഹനങ്ങളുടേയും ഹൈഡ്രോളിക് ജാക്കിയും മറ്റു ഭാഗങ്ങളും കിട്ടിയെങ്കിലും അർജുന്‍റെ ലോറിയുടേതാണെന്ന് സ്ഥിരീകരിക്കാനായില്ല. തിരച്ചിലിന്‍റെ രണ്ടാംഘട്ടം ഓഗസ്റ്റ് 13-നാണ് ആരംഭിച്ചത്. ഓഗസ്റ്റ് 14 ന് നാവികസേന ലോറിയിലുണ്ടായിരുന്ന വടം കണ്ടെത്തി.

Related Posts