ശബരിമലയിലേക്ക് ട്രാക്ടറിൽ എഡിജിപി എം.ആർ.അജിത് കുമാർ യാത്ര ചെയ്തത് ചട്ടവിരുദ്ധമെന്ന സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും. പോലീസിൻ്റെ ട്രാക്ടറിൽ അജിത് കുമാർ ശബരിമല ദർശനത്തിനു പോയത് വിവാദമായിരുന്നു. ട്രാക്ടർ ചരക്കു നീക്കത്തിന് മാത്രമേ ഉപയോഗിക്കാവു എന്ന കോടതിയുടെ കർശന നിർദ്ദേശം മറികടന്നാണ് എഡിജിപിയുടെ നടപടി.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം നവഗ്രഹ പ്രതിഷ്ഠാ പൂജയ്ക്കായി നട തുറന്നിരിക്കെയായിരുന്നു സംഭവം. ട്രാക്ടറിൽ ആളെ കയറ്റുന്നത് അപകടസാധ്യത മുൻനിർത്തി ഹൈക്കോടതി നിരോധിച്ചിരുന്നു. റിപ്പോർട്ട് പരിശോധിച്ച് ദേവസ്വം ബെഞ്ചാണ് നടപടി സ്വീകരിക്കേണ്ടത്. സ്പെഷ്യൽ കമ്മീഷണർ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെയാണ് റിപ്പോർട്ട് നൽകിയത്.