സ്വകാര്യ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് 40 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ കേസിൽ പണം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കോഴിക്കോട് പന്തീരാങ്കാവിൽ 40 ലക്ഷം തട്ടിയെടുത്ത കേസിൽ പോലീസ് നേരത്തേ പിടികൂടിയ പ്രതി ഷിബിൻ ലാലിന്റെ വീടിന് സമീപത്ത് നിന്നും കുഴിച്ചിട്ട നിലയിൽ 39 ലക്ഷം രൂപയാണ് കണ്ടെത്തിയത്. ചാക്കുകളിലും ബാഗുകളിലുമായി കുഴിച്ചിട്ട പണം ഇന്ന് രാവിലെ പ്രതിയുമായി നടത്തിയ തെളിവെടുപ്പിൽ പോലീസ് കണ്ടെത്തിയിരിക്കുകയാണ്. നേരത്തേ ഷിബിൻലാലിനെയും കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

രാമാനാട്ടുകര ഇസാഫ് ബാങ്ക് ശാഖയിലെ ജീവനക്കാരനിൽ നിന്നും ജൂൺ 11 ന് പണം തട്ടിപ്പറിച്ച് സ്‌കൂട്ടറിൽ കടന്നുകളയുകയായിരുന്നു. എന്നാൽ രണ്ടു ദിവസം കഴിഞ്ഞ് ജൂൺ 13 ന് കോഴിക്കോട് യൂണിവേഴ്‌സിറ്റിയുടെ അടുത്തു നിന്നും ഇയാൾ പിടിയിലാകുകയും ചെയ്തു‌. ഇയാളുടെ ഭാര്യയേയും മോഷണത്തിന് സഹായിച്ച ബന്ധുവിനെയും പിന്നാലെ ജൂൺ 28 ന് അറസ്റ്റ് ചെയ്തിരുന്നു. 2 ചാക്കുകളിലും ഒരു ബാഗുകളിലുമായിട്ടാണ് പണം സൂക്ഷിച്ചിരുന്നത്.

ഇയാളിൽ നിന്നും നേരത്തേ പിടിയിലാകുമ്പോൾ 55,000 രൂപ കണ്ടെത്തിയിരുന്നു. എന്നാൽ ബാക്കി പണത്തെക്കുറിച്ച് ഒരു വിവരവും കിട്ടാത്ത സാഹചര്യമുണ്ടായിരുന്നു. ഇലിൽ ഷിബിൻലാൽ തന്നെ പണത്തിൻ്റെ കാര്യം വ്യക്തമാക്കുകയായിരുന്നു. ഷിബിൻലാലുമായി ബന്ധപ്പെട്ട ചില രേഖകളും ബാങ്ക് ചെക്ക്ലീഫുകളും കുഴിച്ചെടുത്ത ബാഗിൽ നിന്നും പോലീസിന് കിട്ടിയിട്ടുണ്ട്. നേരത്തേ പണവുമായി കടന്നു കളയാൻ ഉപയോഗിച്ച സ്കൂ‌ട്ടറും കണ്ടെത്തിയിരുന്നു.

ഷിബിൻലാലും മറ്റൊരാളും ഭാര്യ കൃഷ്‌ണപ്രിയയും ചേർന്ന് നടത്തിയ ആസൂത്രിത കവർച്ചയായിരുന്നു ഇതെന്നും മൊഴി നൽകിയിരുന്നു. പന്തീരാങ്കാവിലെ അക്ഷയ എന്ന ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ച സ്വർണ്ണം ടേക്ക് ഓവർ ചെയ്യാൻ 40 ലക്ഷം രൂപയുമായി എത്തിയ രാമാനാട്ടുകര ഇസാഫ് ബാങ്ക് ശാഖയിലെ ജീവനക്കാരനിൽ നിന്നും പണം തട്ടിപ്പറിച്ച് ഷിബിൻ സ്കൂട്ടറിൽ കടന്നുകളയുകയായിരുന്നു. 45,000 മൂന്നാംപ്രതി ചെലവാക്കിയതായിട്ടാണ് പോലീസ് പറയുന്നത്.

4 ദിവസം മുമ്പാണ് പ്രതിയായ ഷിബിൻ ലാൽ സ്വർണ്ണപ്പണയം മാറ്റിവയ്ക്കുന്നതിനായി ബാങ്കിലെത്തിയത്. ഷിബിൻ ലാലിൻ്റെ വീട്ടിലെത്തി ഇസാഫ് പ്രതിനിധി വെരിഫിക്കേഷൻ നടത്തിയ ശേഷം ഭാര്യയുടെയും ഷിബിൻലാലിന്റെയും പേരിൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങി. ഒളവണ്ണ സർവീസ് സഹകരണ ബാങ്കിൽ 40 ലക്ഷത്തിന് സ്വർണ്ണവായ്‌പ ഉണ്ടെന്നും ഇസാഫിൽ പലിശ കുറവായതിനാൽ മാറ്റണമെന്നുമായിരുന്നു പറഞ്ഞിരുന്നത്.

സഹകരണ ബാങ്കിലേക്ക് തുടർന്ന് പണവുമായി പോയ ഇസാഫ് ജീവനക്കാർ പണവുമായി കാറിൽ നിന്നും ഇറങ്ങുമ്പോൾ സ്കൂട്ടറിൽ എത്തിയ ഷിബിൻലാൽ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ബൈക്കിൽ കടന്നു കളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും ദിവസങ്ങളോളം നീണ്ട പോലീസ് നിരീക്ഷണവുമാണ് പ്രതി പണം ചെലവാക്കിയിട്ടില്ലെന്നും സൂക്ഷിച്ചിട്ടുണ്ടെന്നുമുള്ള നിഗമനത്തിൽ പോലീസ് എത്തിച്ചേരാൻ കാരണം.

Related Posts