കർണാടക പബ്ലിക് സ്കൂളുകളിലെ (കെ.പി.എസ്) മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യ യാത്ര പദ്ധതിയുമായി സര്‍ക്കാര്‍. സംസ്ഥാനത്തുടനീളമുള്ള സർക്കാർ സ്കൂളുകളിലെ പ്രവര്‍ത്തന ക്ഷമത, വിദ്യാഭ്യാസ ഗുണ നിലവാരം, ഹാജര്‍ നില എന്നിവ മെച്ചപ്പെടുത്തുകയും പിന്നാക്ക വിഭാഗത്തിലെ കുട്ടികള്‍ക്ക് സമഗ്രമായ വിദ്യാഭ്യാസം ലഭ്യമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. സമൂഹമാധ്യമമായ എക്സിലൂടെയാണ് ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ സർക്കാർ തീരുമാനം പ്രഖ്യാപിച്ചത്.
കർണാടകയിലെ മുഴുവൻ സർക്കാർ സ്കൂളുകളുടെയും നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് കെ.പി.എസ് സ്കൂളിലെ കുട്ടികൾക്ക് സൗജന്യ യാത്ര ഒരുക്കുന്നതെന്നാണ് ഉപ മുഖ്യമന്ത്രിയുടെ കുറിപ്പ്. അതേസമയം വിഷയം മന്ത്രിസഭയിൽ ചർച്ച ചെയ്യേണ്ടതുണ്ടെന്നും ധനകാര്യ വകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകളുമായും ചർച്ച നടത്തി അവലോകനം ചെയ്തശേഷം മാത്രമേ തീരുമാനം പ്രാബല്യത്തിൽ വരുത്തുകയുള്ളൂ എന്നും ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചു.
LKG മുതൽ രണ്ടാം വർഷ പി.യു വരെയുള്ള കുട്ടികൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കണമെന്നാണ് സർക്കാർ തീരുമാനം.സ്കൂൾ വിദ്യാഭ്യാസ- സാക്ഷരതാ വകുപ്പിൽ നിന്ന് ഇത് സംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പുകൾ ഒന്നും ഇതുവരെ വന്നിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി കുട്ടിച്ചേർത്തു. പഠന മാധ്യമം ഇംഗ്ലീഷ് ആയി മാറിയതിനു ശേഷം സ്കൂളിൽ ചേരുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി വർധിച്ചു. കുട്ടികളുടെ അടിസ്ഥാന സൗകര്യങ്ങൾ ഈ സാഹചര്യത്തിൽ മെച്ചപ്പെടുത്താൻ പരിശ്രമിക്കുകയാണ് സർക്കാർ.