മലപ്പുറത്തെ കാളികാവിൽ നരഭോജി കടുവ കെണിയിൽ കുടുങ്ങി. സ്ഥലത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടി. ഇവിടെ നിന്ന് കടുവയെ മാറ്റാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. പ്രദേശത്തെ വനമേഖലയിൽ കടുവയെ തുറന്നുവിട്ടാൽ അത് വീണ്ടും ജനവാസമേഖലയിലേക്ക് വരും. ഈ സാഹചര്യത്തിൽ കടുവയെ എന്ത് ചെയ്യുമെന്ന കാര്യത്തിൽ കൃത്യമായ ഉറപ്പ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനംവകുപ്പ് കടുവയെ കൊണ്ടുപോകാനുള്ള വാഹനം അടക്കം സ്ഥലത്തെത്തിച്ചിട്ടുണ്ട്.

പോലീസും വനംവകുപ്പും ചേർന്ന് നാട്ടുകാരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിൽ ഇന്ന് രാവിലെ വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് നരഭോജി കടുവ കുടുങ്ങിയത്. കാളികാവിൽ ടാപ്പിംഗ് തൊഴിലാളിയായ പാലത്തിങ്ങലിലെ കുളപ്പറമ്പിൽ ഗഫൂർ അലിയെ (44) മേയ് 15നാണ് കടുവ ആക്രമിച്ച് കൊന്ന് തിന്നത്. സുഹൃത്തായ അബ്ദുൽ സമദ് കണ്ടുനിൽക്കേയാണ് കടുവ ഗഫൂറിനു മേൽ ചാടിവീണ് കഴുത്തിനു പിന്നിൽ കടിച്ചുവീഴ്ത്തി വലിച്ചിഴച്ചു കൊണ്ടുപോയത്.

Related Posts