ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണകപ്പലുകളുടെ കപ്പലുകളുടെ വരവ് പൂർണ്ണമായും നിലച്ചതോടെ ലോകം ഊർജ്ജപ്രതിസന്ധിയുടെ വക്കിലെത്തിയിരിക്കുകയാണ്. ഇതോടെ കിഴക്ക്-പടിഞ്ഞാറൻ ഭാഗങ്ങളിലേക്കുള്ള ക്രൂഡ് ഓയിൽ ഗതാഗതത്തിന്റെ 86 ശതമാനവും തടസപ്പെട്ടു. മാരിടൈം അനലിറ്റിക്സ് സ്ഥാപനങ്ങളായ ‘വിൻഡ്വാർഡ്’, ‘കെപ്ലർ’ എന്നിവ നൽകുന്ന വിവരങ്ങൾ പ്രകാരം, ഈ ജലപാത നിലവിൽ നിശ്ചലമായിരിക്കയാണ്.
3 ടാങ്കറുകൾ മാത്രമാണ് മാർച്ച് 1 ന് ഇതിലൂടെ കടന്നുപോയത്. ഏതാനും ദിവസങ്ങൾ കൂടി ഹോർമൂസ് കടലിടുക്കിലെ തടസം തുടർന്നാൽ കപ്പലുകളുടെ നീണ്ട നിര വർദ്ധിക്കാനും എണ്ണ വിതരണം പൂർണമായും താളം തെറ്റാനും സാദ്ധ്യതയുണ്ട്. നിലവിൽ ഗൾഫ് മേഖലയിലെ കപ്പലുകളുടെ ചരക്ക് കൂലിയും ഇൻഷുറൻസ് ചെലവും കുത്തനെ ഉയരുകയാണ്.
ലോകമെമ്പാടുമുള്ള ഇന്ധനവില വർദ്ധിക്കാൻ ഇത് കാരണമാകും. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയെത്തുടർന്ന് യൂറോപ്പിലെയും ഏഷ്യയിലെയും എണ്ണ ശുദ്ധീകരണശാലകൾ ബദൽ മാർഗങ്ങൾ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ്. ബ്രസീൽ, റഷ്യ, പടിഞ്ഞാറൻ ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ എത്തിക്കാനാണ് നിലവിൽ ശ്രമം നടക്കുന്നത്.