ബെംഗളൂരുവിലെ 70 ശതമാനത്തോളം ഒഴിഞ്ഞ പ്ലോട്ടുകൾ വൃത്തിയാക്കാതെ കിടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) നഗരവ്യാപക ശുചീകരണ പ്രവർത്തനം ആരംഭിച്ചു. നഗരത്തിൽ 3 ലക്ഷത്തിലധികം ഒഴിഞ്ഞ പ്ലോട്ടുകൾ ഉണ്ടെന്നാണ് അധികൃതരുടെ കണക്ക്. ആവർത്തിച്ച് മുന്നറിയിപ്പുകളും സമയപരിധിയും നൽകിയിട്ടും ഏകദേശം 30 ശതമാനം ഉടമകൾ മാത്രമാണ് തങ്ങളുടെ പ്ലോട്ടുകൾ വൃത്തിയാക്കിയത്. ഇതിന് പിന്നാലെയാണ് ഉടമകൾ വൃത്തിയാക്കാത്ത സ്ഥലങ്ങളിൽ ജിബിഎ നേരിട്ട് ശുചീകരണം നടത്തുന്നത്. ആദ്യഘട്ടത്തിൽ 189 പ്ലോട്ടുകളുടെ ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

ഡോംലൂരിൽ നിന്നാണ് നഗരവ്യാപക ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. പ്ലോട്ടുകളിലെ കാടുപിടിച്ച പുല്ല്, അനാവശ്യ സസ്യങ്ങൾ, നിർമാണ അവശിഷ്ടങ്ങൾ, മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്യും. ജെസിബി ഉപയോഗിച്ചുള്ള ശുചീകരണത്തിനും മാലിന്യം നഗരത്തിന് പുറത്തുള്ള നിശ്ചിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനും വലിയ ചെലവ് വരുന്നതിനാൽ ഈ തുക ഉടമകളിൽ നിന്ന് ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.

ആദ്യമായി ജിബിഎ ശുചീകരിക്കുന്ന പ്ലോട്ടുകൾക്ക് പ്രത്യേക പിഴ ഈടാക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ശുചീകരണത്തിനും മാലിന്യം നീക്കം ചെയ്യുന്നതിനും ചെലവായ തുക ബന്ധപ്പെട്ട ഉടമയുടെ പ്രോപ്പർട്ടി ടാക്സിനൊപ്പം ഈടാക്കും. ആവർത്തിച്ച് നിയമം ലംഘിക്കുന്നവർക്ക് കർശനമായ സാമ്പത്തിക നടപടി നേരിടേണ്ടിവരും.

നിലവിൽ പല ഒഴിഞ്ഞ പ്ലോട്ടുകളും പ്രോപ്പർട്ടി ടാക്സ് പരിധിയിൽ ഉൾപ്പെട്ടിട്ടില്ല. ആദ്യഘട്ടത്തിൽ ഇ-ഖാത്ത രേഖകളുള്ള പ്ലോട്ടുകൾ കണ്ടെത്തി ശുചീകരണ ചെലവ് നികുതിയിലൂടെ ഈടാക്കാനാണ് നീക്കം. പിന്നീട് നഗരത്തിലെ ബാക്കിയുള്ള ഒഴിഞ്ഞ ഭൂമികളും മാപ്പ് ചെയ്ത് നികുതി പരിധിയിൽ കൊണ്ടുവരുമെന്ന് മന്ത്രി കൃഷ്ണ ബൈരേ ഗൗഡ അറിയിച്ചു.

Related Posts