കർണാടകയിൽ സർക്കാർ ബസ് നിരക്കുകൾ വർധിപ്പിക്കാൻ പൊതുഗതാഗത ഫെയർ റെഗുലേറ്ററി കമ്മിറ്റി ശിപാർശ ചെയ്തു. ബിഎംടിസി ബസുകളിൽ 40 ശതമാനം വരെയും കെഎസ്ആർടിസി, എൻഡബ്ല്യുകെആർടിസി, കെകെആർടിസി ബസുകളിൽ 25 ശതമാനവും നിരക്ക് വർധിപ്പിക്കാനാണ് നിർദേശം.
സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ശക്തി പദ്ധതിക്കായി 2023 ജൂൺ മുതൽ 2026 ജൂലൈ വരെ 20,956 കോടി രൂപ ചെലവഴിച്ചപ്പോൾ സർക്കാർ 15,305 കോടി രൂപ മാത്രമാണ് തിരിച്ചുനൽകിയത്. 5,651 കോടി രൂപയുടെ കുടിശ്ശികയുണ്ടെന്നാണ് കണക്ക്.
നിരക്കുവർധന സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയശേഷം മന്ത്രിസഭ അന്തിമ തീരുമാനമെടുക്കുമെന്ന് ഗതാഗത മന്ത്രി ബി.എസ്. സുരേഷ് അറിയിച്ചു. നിലവിൽ വർധന ശിപാർശ മാത്രമാണ്; സർക്കാർ തീരുമാനത്തിന് ശേഷമേ നിരക്കുകളിൽ മാറ്റമുണ്ടാകൂ.