ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ മലയാളി ദമ്പതികളെ വാടക ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി പുള്ളാവൂർ സ്വദേശി മുഹമ്മദ് അസ്‌ലം (30), ഭാര്യയും മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനിയുമായ ഫർഹാന (28) എന്നിവരാണ് മരിച്ചത്.

ഗുരുഗ്രാം സെക്ടർ 68-ലെ അപ്പാർട്ട്‌മെന്റിൽ വ്യാഴാഴ്ചയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഫർഹാനയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അസ്‌ലം ജീവനൊടുക്കിയതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു അസ്‌ലം.

സംഭവത്തിന് മുമ്പ് അസ്‌ലം പിതാവിൻ്റെയും വീട്ടുടമയുടെയും ഫോൺ നമ്പറുകൾ ഉൾപ്പെടുത്തി തൻ്റെ ഓഫീസിലേക്ക് ഇ-മെയിൽ അയച്ചിരുന്നതായി പൊലീസ് അറിയിച്ചു. സംഭവം ഇരുവരെയും അറിയിക്കണമെന്ന് ഇ-മെയിലിലൂടെ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്. വരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളെ വിവരമറിയിച്ചിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലാത്തതിനാൽ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമല്ല. ഇ-മെയിൽ ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ച് അന്വേഷണം തുടരുകയാണെന്ന് ബാദ്ഷാപുർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ മനോജ് കുമാർ അറിയിച്ചു.

നാരകശ്ശേരി മുഹമ്മദ് ബാഖവി–നഫീസ് ദമ്പതികളുടെ മകനാണ് അസ്‌ലം. ഉവൈസ്, റംല എന്നിവരാണ് സഹോദരങ്ങൾ. അബ്ദുറഹ്‌മാൻ–പരേതയായ ജമീല ദമ്പതികളുടെ മകളാണ് ഫർഹാന. ഫൗസിയ, ഫൈസൽ എന്നിവരാണ് സഹോദരങ്ങൾ.

Related Posts