നേപ്പാളിനെ തകർത്തെറിഞ്ഞ മിന്നൽപ്രളയത്തിൽ മരണസംഖ്യ 389 ആയി ഉയർന്നു. ടിബറ്റിലും മൂന്ന് പേർ മരിച്ചതായാണ് വിവരം. ഇന്ത്യക്കാരുൾപ്പെടെ ആയിരത്തിലേറെ പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

നേപ്പാളിൻ്റെ വിവിധ മേഖലകളിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും നിരവധി പട്ടണങ്ങളും ഗ്രാമങ്ങളും വെള്ളത്തിനടിയിലായി. പാലങ്ങൾ, റോഡുകൾ, ജലവൈദ്യുത പദ്ധതികൾ എന്നിവയ്ക്കും വ്യാപക നാശനഷ്ടമുണ്ടായി. ഏകദേശം ആയിരത്തോളം പേരെയാണ് കാണാതായതായി റിപ്പോർട്ട് ചെയ്യുന്നത്. ഇവരിൽ 590 പേർ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളാണ്.

യുഎസ് ജിയോളജിക്കൽ സർവേയുടെ പ്രാഥമിക വിലയിരുത്തൽ പ്രകാരം, ഹിമപാളികൾ ഇടിഞ്ഞുവീണതിനെ തുടർന്ന് മണ്ണും പാറകളും ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ലെൻഡെ നദിയിലേക്ക് പതിച്ചതാണ് ദുരന്തത്തിൻ്റെ പ്രധാന കാരണങ്ങളിലൊന്ന്. ഇതോടെ നദിയിൽ താൽക്കാലിക മണ്ണിടിച്ചിൽ അണക്കെട്ട് രൂപപ്പെട്ടു.

അണക്കെട്ട് തകർന്നതോടെ വൻതോതിൽ ചെളിയും പാറകളും അവശിഷ്ടങ്ങളും താഴേക്ക് ഒഴുകിയെത്തി. ഇത് ഭോട്ടെ കോശി, ത്രിശൂലി നദികളിലെ ജലനിരപ്പ് അതിവേഗം ഉയരാൻ കാരണമായി. വെറും 30 മിനിറ്റിനുള്ളിൽ ത്രിശൂലി നദിയിലെ ജലനിരപ്പ് ഒൻപത് മീറ്റർ ഉയർന്നതായാണ് റിപ്പോർട്ട്.

ആദ്യം ടിബറ്റ് അതിർത്തിയോട് ചേർന്ന റസുവ ജില്ലയിലാണ് പ്രളയം ശക്തമായത്. ഇവിടെ നിരവധി അടി ഉയരത്തിൽ ചെളിയും മണ്ണും അടിഞ്ഞുകൂടി. പിന്നീട് ഇത് താഴ്ന്ന പ്രദേശങ്ങളിലേക്ക് കുത്തിയൊഴുകുകയായിരുന്നു. നേപ്പാളിൽ നിന്നുള്ള പ്രളയജലം ഒഴുകിയെത്തുന്ന ഗണ്ഡക് നദിയിൽ നിന്ന് ബിഹാറിൽ നാല് മൃതദേഹങ്ങൾ കണ്ടെത്തി. ഇവ നേപ്പാളിൽ നിന്നുള്ള പ്രളയത്തിൽ ഒഴുകിയെത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം, നേപ്പാളിൽ നിരവധി പേർ ഭവനരഹിതരായിട്ടുണ്ട്. മനുഷ്യർക്കും മൃഗങ്ങൾക്കും വാഹനങ്ങൾക്കും വീടുകൾക്കും പ്രളയത്തിൽ വലിയ നാശനഷ്ടമുണ്ടായി. ദുരന്തത്തിൻ്റെ വ്യാപ്തി വ്യക്തമാക്കുന്ന നിരവധി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

നേപ്പാളിലെ പ്രളയത്തെ തുടർന്ന് 288 ഇന്ത്യക്കാരുമായി ഇതുവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളും ത്രിശൂലി-1 ജലവൈദ്യുത പദ്ധതിയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരും ഉൾപ്പെടുന്നു.

കേരളത്തിൽ നിന്നുള്ള 33 പേരും ബന്ധപ്പെടാനാകാത്തവരുടെ പട്ടികയിലുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള 86 പേരും ബംഗാളിൽ നിന്നുള്ള 32 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 61 പേരും ഉൾപ്പെടെയാണ് കാണാതായവരുടെ കണക്ക്. അതേസമയം, തമിഴ്നാട്ടിൽ നിന്നുള്ള 21 പേരെയും ത്രിശൂലി-1 പദ്ധതിയിൽ ജോലി ചെയ്തിരുന്ന 33 ഇന്ത്യക്കാരെയും ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്. ചൈനീസ് നിയന്ത്രണത്തിലുള്ള ടിബറ്റ് മേഖലയിലും ഏകദേശം 200 ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസി ഏകോപിപ്പിച്ചുവരികയാണ്.

നേപ്പാളിലെ പ്രളയത്തിൽ കുട്ടികളുൾപ്പെടെ 53 മലയാളികൾ കുടുങ്ങിയതായി നോർക്ക റൂട്ട്സ് അറിയിച്ചു. ഇവരുമായി നേരിട്ട് ബന്ധപ്പെടാൻ ഇതുവരെ സാധിച്ചിട്ടില്ലെങ്കിലും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് നോർക്കയുടെ വിലയിരുത്തൽ.

മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ഓഫീസുകൾ വഴി ലഭിച്ച 17 സെറ്റ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 53 മലയാളികളെ തിരിച്ചറിഞ്ഞത്. കുടുംബാംഗങ്ങളും മുതിർന്നവരും കുട്ടികളും ഉൾപ്പെടുന്ന സംഘമാണ് ഇതെന്നാണ് നോർക്ക റൂട്ട്സ് സിഇഒ രാജേഷ് മാധവൻ അറിയിച്ചത്.

Related Posts