സർക്കാർ ബസിൽ യാത്ര ചെയ്യുന്നതിനിടെ 5 പവന്റെ സ്വർണമാല മോഷ്ടിച്ച വനിത പഞ്ചായത്ത് പ്രസിഡണ്ട് അറസ്റ്റിൽ. കോയമ്പേട് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കാഞ്ചീപുരത്ത് നിന്ന് സർക്കാർ ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇവർ 5 പവൻ്റെ മാല മോഷ്ടിച്ചത്. ജൂലൈയിലാണ് സംഭവം നടന്നതെങ്കിലും ഡി.എം.കെ നേതാവായ ഭാരതിയെ അന്വേഷണത്തിനൊടുവിൽ ഇപ്പോഴാണ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ജൂലൈ 14ന് കാഞ്ചീപുരത്ത് നിന്ന് സർക്കാർ ബസിൽ തിരികെ വരുന്നതിനിടെയാണ് മാല നഷ്ടപ്പെട്ടത്. എൽ.വരലക്ഷ്മിയാണ് പരാതിക്കാരി. കോയമ്പേട് ബസ് സ്റ്റാൻഡിലെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് മാലയില്ലെന്ന് മനസിലായത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ഒരു സ്ത്രീ വരലക്ഷ്മിയുടെ ഭാഗിൽ നിന്നും മാല മോഷ്ടിച്ചെന്ന് കണ്ടെത്തുകയും ചെയ്തു. തിരുപ്പത്തൂർ ജില്ലയിലെ നരിയാബാട്ടു പഞ്ചായത്ത് പ്രസിഡൻ്റും ഡി.എം.കെ നേതാവുമായ ഭാരതിയാണ് മോഷണം നടത്തിയതെന്ന് വിശദമായ അന്വേഷണത്തിനൊടുവിൽ പോലീസ് കണ്ടെത്തി.
ചോദ്യം ചെയ്യാൻ ചെന്നൈയിൽ വിളിപ്പിച്ച ശേഷം പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വെല്ലൂർ, തിരുപ്പത്തൂർ, ആംബുർ ജില്ലകളിലായി ഇവർക്കെതിരെ നിരവധി മോഷണ കേസുകളുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ഭാരതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ഡി.എം.കെ ക്രിമിനലുകളെ പാർട്ടിയിലേക്ക് റിക്രൂട്ട് ചെയ്യുകയാണെന്ന് ആരോപണവുമായി എ.ഐ.എ.ഡി.എം.കെ നേതാവ് എടപ്പാടി പളനിസ്വാമി രംഗത്തെത്തിയിരുന്നു.