വെള്ളിയാഴ്‌ച രാവിലെ ആശുപത്രി കോമ്പൗണ്ടിൽ ഏഴുമണിയോടെ കണ്ണെത്താദൂരത്തോളം ആംബുലൻസുകൾ മാത്രമായിരുന്നു. മറ്റു വാഹനങ്ങൾക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നില്ല. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സൂക്ഷിച്ച സിവിൽ ആശുപത്രിയിലും അഹമ്മദാബാദിലെ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ പരിസരത്തും നിറഞ്ഞു നിൽക്കുന്നത് കത്തിക്കരിഞ്ഞ മനുഷ്യഗന്ധം. ഒപ്പം, തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ ഏറ്റുവാങ്ങാനെത്തിയ ഉറ്റവരുടെ നിലവിളിയും.

വെള്ള തുണിയിൽ പൊതിഞ്ഞ് 6 പേരുടെ മൃതദേഹങ്ങൾ പുറത്തെത്തി. വെള്ളിയാഴ്‌ച തിരിച്ചറിഞ്ഞ 6 പേരുടെ മൃതദേഹങ്ങളാണ് കുടുംബങ്ങൾക്ക് കൈമാറിയത്. സംഭവസ്ഥലം എയർ ഇന്ത്യ സിഇഒ കാംപൽ വിൽസൻ സന്ദർശിച്ചു. പോസ്റ്റ്മോർട്ടത്തിനായെത്തിച്ചത് 265 മൃതദേഹങ്ങളാണ്. 6 പേരെ മുഖത്ത് പരിക്കില്ലാത്തതിനാൽ തിരിച്ചറിഞ്ഞെന്നും ബാക്കിപേരുടെ ഡിഎൻഎ പരിശോധിക്കണമെന്നും ഇൻസ്പെക്ട‌ർ ചിരാഗ് ഗോസായ് പറഞ്ഞു.

മരണപ്പെട്ട 215 പേരുടെ ബന്ധുക്കൾ സാംപിളുകൾ നൽകാൻ ആശുപത്രിയെ സമീപിച്ചിട്ടുണ്ട്. ഏകദേശം 72 മണിക്കൂർ എടുക്കും ഡിഎൻഎ സാംപിളുകൾ പൊരുത്തപ്പെടുത്തുന്നതിനുള്ള പ്രക്രിയ പൂർത്തിയാക്കാൻ. കത്തിക്കരിഞ്ഞ മൃതദേഹങ്ങൾക്കായി അതേസമയം തിരച്ചിൽ തുടരുകയാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന. പോസ്റ്റ്മോർട്ടത്തിനായി സിവിൽ ആശുപത്രിയിൽ 70-ഓളം ഡോക്‌ടർമാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും വെള്ളിയാഴ്ച ഉച്ചവരെ 6 മൃതദേഹങ്ങളാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്.

നഖം, പല്ല് തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് ഡിഎൻഎ വേർതിരിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. ഡിഎൻഎ പരിശോധനയും വൈകുന്നു. ഹോസ്റ്റലിന്‍റെ സമീപമുള്ള നടപ്പാതയിലുണ്ടായിരുന്ന ആകാശ് (13) മരിച്ചതായി സ്ഥിരീകരിച്ചു. സമീപത്ത് രണ്ടാഴ്ച മുൻപ് പൊതുസ്ഥലം ഒഴിപ്പിക്കലിൽ കുടിയിറക്കപ്പെട്ട കുടുംബത്തിലെ അംഗമാണ്. കൂടുതൽ ആളുകൾ തങ്ങളുടെ ബന്ധുക്കളെ കാണാനില്ലെന്ന പരാതിയുമായി സംഭവസ്ഥലത്തേക്കെത്തുന്നുണ്ട്. വിമാനത്തിൻ്റെ അവശിഷ്ടങ്ങൾക്കായും പരിശോധന നടക്കുന്നു.

Related Posts