വിനീത കുട്ടഞ്ചേരി(44) എന്ന എഴുത്തുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 2019-ലെ ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ മലയാള സാഹിത്യത്തിനുള്ള അവാര്‍ഡ് ജേതാവാണ്. വിനീതയുടെ ‘വിന്‍സെന്റ് വാന്‍ഗോഗിന്റെ വേനല്‍പക്ഷി’ എന്ന പുസ്തകം ഇക്കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു തൃശ്ശൂര്‍ പ്രസ് ക്ലബ്ബില്‍ പ്രകാശനം ചെയ്തത്. അവണൂര്‍ പഞ്ചായത്തിലെ എസ്സി പ്രമോട്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
‘ഇനി ഇങ്ങനെ ഒരു ദിവസം ഉണ്ടാകാനിടയില്ല..! എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാണ്.’ തൃശ്ശൂര്‍ പ്രസ് ക്ലബ്ബ് ഹാളില്‍ ഞായറാഴ്ച നടന്ന സ്വന്തം പുസ്തക പ്രകാശനത്തിന്റെ മറുപടി പ്രസംഗത്തില്‍ വിനീത പറഞ്ഞു. അന്‍സര്‍ കായല്‍വാരവും വിനീതയും ചേര്‍ന്നെഴുതിയ ‘വിന്‍സെന്റ് വാന്‍ഗോഗിന്റെ വേനല്‍പക്ഷി’ എന്ന നോവല്‍ ഞായറാഴ്ച മന്ത്രി ആര്. ബിന്ദുവാണ് പ്രകാശനം ചെയ്തത്.
കഥയും നോവലും കവിതയും എഴുതിയിരുന്ന വിനീത ഖത്തറില്‍ ജോലി ചെയ്യുമ്പോഴാണ് സാമൂഹിക മാധ്യമങ്ങളില്‍ സജീവമായതും ആദ്യ നോവല്‍ പൂര്‍ത്തിയാക്കിയതും. വിവിധ മേഖലകളില്‍ തൊഴിലെടുക്കുമ്പോഴും എഴുത്തില്‍ നിറഞ്ഞു നിന്നു. ‘ഹൃദയരക്തത്തിന്റെ സ്വാദ്’, ‘പുഴ മത്സ്യത്തെ സ്നേഹിച്ചപ്പോള്‍’, ‘പഞ്ചാഗ്നി’ തുടങ്ങിയവയാണ് നേരത്തേ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍.
സാമൂഹിക ഇടപെടലുകളും വിപുലമായ സൗഹൃദവലയവും കൊണ്ട് ശ്രദ്ധേയയായിരുന്നു വിനീത. സാഹിത്യ – സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചൊവ്വാഴ്ച വൈകീട്ട് നടന്ന സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. ഭര്‍ത്താവ് അവണൂര്‍ മണിത്തറ കാങ്കില്‍ വീട്ടില്‍ രാജു. മക്കള്‍: ശ്രീരാജി, ശ്രീനന്ദ.