ഫുട്ബോൾ ലോകകപ്പ് സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ പ്രമാണിച്ച് ബെംഗളൂരുവിലെ ബാറുകൾ, റെസ്റ്റോറന്റുകൾ, പബ്ബുകൾ, ഹോട്ടലുകൾ എന്നിവയുടെ പ്രവർത്തന സമയം താൽക്കാലികമായി നീട്ടി. ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണറേറ്റ് പരിധിയിലുള്ള സ്ഥാപനങ്ങൾക്ക് പുലർച്ചെ 3.30 വരെ പ്രവർത്തിക്കാൻ അനുമതി നൽകി സിറ്റി പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിങ് ഉത്തരവിറക്കി.
ജൂലൈ 14, 15, 19 തീയതികളിലാണ് ഈ പ്രത്യേക ഇളവ് അനുവദിച്ചിരിക്കുന്നത്. ലോകകപ്പ് സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ തത്സമയം പ്രദർശിപ്പിക്കുന്നതിനും ആരാധകർക്ക് മത്സരം പൂർണമായി കാണാനുള്ള സൗകര്യമൊരുക്കുന്നതിനുമാണ് നടപടി.
നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (NRAI) ബെംഗളൂരു ചാപ്റ്റർ, കർണാടക സ്റ്റേറ്റ് ഹോട്ടൽസ് അസോസിയേഷൻ, ബെംഗളൂരു സിറ്റി ഹോട്ടൽ അസോസിയേഷൻ എന്നിവയുടെ അഭ്യർത്ഥനയെ തുടർന്നാണ് തീരുമാനം. 1963-ലെ കർണാടക പൊലീസ് ആക്ടിലെ സെക്ഷൻ 31(W) പ്രകാരമാണ് പ്രവർത്തന സമയം നീട്ടാൻ പൊലീസ് കമ്മീഷണർ അനുമതി നൽകിയത്. സാധാരണയായി ഇത്തരം സ്ഥാപനങ്ങൾ പുലർച്ചെ 1 മണിവരെ മാത്രമേ പ്രവർത്തിക്കാവൂ. എന്നാൽ ലോകകപ്പ് മത്സരങ്ങൾ പലപ്പോഴും പുലർച്ചെ 2.30 വരെ നീളുന്നതിനാൽ ആരാധകർക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിൽ സമയം നീട്ടണമെന്ന് സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
പൊതുജനങ്ങളുടെ സുരക്ഷ, ക്രമസമാധാനം, പൗരന്മാരുടെ സൗകര്യം എന്നിവയ്ക്ക് മുൻഗണന നൽകിയാണ് തീരുമാനമെടുത്തതെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ അറിയിച്ചു. എല്ലാവരും ഉത്തരവാദിത്തത്തോടെ മത്സരങ്ങൾ ആസ്വദിക്കണമെന്നും പൊലീസിൻ്റെയും മറ്റ് അധികൃതരുടെയും നിർദേശങ്ങളോട് പൂർണമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ തത്സമയം പ്രദർശിപ്പിക്കുന്ന കേന്ദ്രങ്ങളിൽ വൻ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാലും മത്സരങ്ങൾ പുലർച്ചെ വരെ നീളുന്നതിനാലുമാണ് പ്രവർത്തന സമയത്തിൽ ഇളവ് അനുവദിച്ചതെന്ന് എൻആർഎഐ പ്രതിനിധികൾ വ്യക്തമാക്കി.