സ്ത്രീകളെ ഭരണത്തിൻ്റെ ഭാഗമാക്കാനുള്ള വലിയ അവസരമാണിതെന്ന് വനിത സംവരണ ബില്ലിൽ ലോക്സഭയിൽ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി നൽകവേ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഈ അവസരം കളയരുതെന്നും വനിതാ സംവരണ ബിൽ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും മോദി പറഞ്ഞു. രാജ്യത്തിൻ്റെ വികസനയാത്രയിലെ സുപ്രധാന നിമിഷമാകും വനിതാ സംവരണ ബിൽ പാസാക്കുന്നത്. സ്ത്രീകൾക്ക് വേണ്ടിയുള്ള ബില്ലിനെ എതിർക്കുന്നവർക്ക് സ്ത്രീകൾ മാപ്പ് നൽകില്ലെന്നും രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് ബില്ലിനെ പലരും എതിർക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വന്തം സ്ഥാനം പോകുമെന്ന ഭയമാണ് ചിലരെ നയിക്കുന്നതെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പിന്നാക്ക വിഭാഗത്തിലുള്ള താൻ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായത് ഭരണഘടനയുടെ ശക്തികൊണ്ടാണ്. അതിനാൽ വനിതകൾക്ക് സംവരണം ലഭിക്കാനായി എംപിമാരോട് അപേക്ഷിക്കാനാണ് വന്നതെന്നും നരേന്ദ്രമോദി പറഞ്ഞു. പഞ്ചായത്തിൽ സംവരണം അനുവദിച്ചവർ ലോക്സഭയിൽ ഇത് അനുവദിക്കാത്തത് വിരോധാഭാസമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.