ഇന്ത്യൻ ബഹിരാകാശ രംഗത്ത് സ്വകാര്യ മേഖലയ്ക്ക് ചരിത്ര നേട്ടം സമ്മാനിച്ച് ‘വിക്രം-1’ റോക്കറ്റ് വിജയകരമായി ബഹിരാകാശത്തേക്ക് കുതിച്ചു. രാവിലെ സാങ്കേതിക തടസ്സത്തെ തുടർന്ന് കൗണ്ട്ഡൗൺ താൽക്കാലികമായി നിർത്തിവെച്ചിരുന്നെങ്കിലും, പ്രശ്നങ്ങൾ പരിഹരിച്ചതിന് പിന്നാലെ ഉച്ചയ്ക്ക് 12.05-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്രം-1 വിജയകരമായി വിക്ഷേപിക്കപ്പെട്ടു.
ഹൈദരാബാദ് ആസ്ഥാനമായുള്ള ‘സ്കൈറൂട്ട് എയറോസ്പേസ്’ വികസിപ്പിച്ച ഈ റോക്കറ്റ്, ഇന്ത്യയിൽ സ്വകാര്യമായി രൂപകൽപ്പന ചെയ്ത് വിക്ഷേപിച്ച ആദ്യ ബഹിരാകാശ വാഹനമെന്ന നേട്ടമാണ് സ്വന്തമാക്കിയത്. ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിൻ്റെ ശില്പികളായ ഡോ. വിക്രം സാരാഭായ്, സി.വി. രാമൻ, ഡോ. എ.പി.ജെ. അബ്ദുൽ കലാം എന്നിവരുടെ മിനിയേച്ചർ ശിൽപ്പങ്ങളും റോക്കറ്റിൽ ഉൾപ്പെടുത്തിയിരുന്നു. റോക്കറ്റിൻ്റെ പേരും എൻജിനും ഈ മഹാന്മാർക്കുള്ള ആദരസൂചകമായാണ് നൽകിയിരിക്കുന്നത്.
‘മിഷൻ ആഗമൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യത്തിൽ നാല് പ്രധാന പേലോഡുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ എർത്ത് ഒബ്സർവേഷൻ സ്റ്റാർട്ടപ്പായ ഗ്രാഹാ സ്പേസ് വികസിപ്പിച്ച ‘സോളാരാസ്’ നാനോ ഉപഗ്രഹം, വിക്ഷേപണത്തിൻ്റെ നിർണായക വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ‘സ്കോപ്’ പരീക്ഷണം, ബഹിരാകാശ മാലിന്യങ്ങൾ സുരക്ഷിതമായി പിടിച്ചെടുക്കുന്ന സാങ്കേതികവിദ്യ പരീക്ഷിക്കുന്ന കോസ്മോസെർവ് സ്പേസിൻ്റെ ‘എംബ്രേസ്’ റോബോട്ടിക് കൈ, കൂടാതെ ജർമ്മൻ കമ്പനിയായ ഡിക്യൂബ്ഡ് വികസിപ്പിച്ച പരീക്ഷണ ഉപഗ്രഹം എന്നിവയാണ് ഈ ദൗത്യത്തിൻ്റെ ഭാഗമായത്.
സ്വകാര്യ കമ്പനികൾക്കും ബഹിരാകാശ ദൗത്യങ്ങളിൽ നിർണായക പങ്കുവഹിക്കാനാകുമെന്ന് തെളിയിക്കുന്ന നാഴികക്കല്ലായാണ് വിക്രം-1 വിക്ഷേപണം വിലയിരുത്തപ്പെടുന്നത്. ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ സ്വകാര്യ നിക്ഷേപത്തിനും സാങ്കേതിക നവീകരണത്തിനും ആഗോള തലത്തിൽ പുതിയ അവസരങ്ങൾ തുറക്കുന്ന ചരിത്ര മുഹൂർത്തമായും ഈ ദൗത്യം മാറിയിരിക്കുകയാണ്.