റീൽ വീഡിയോ ചിത്രീകരിക്കാൻ സ്വന്തം പിതാവിനെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ യുവതിയുടെ ശ്രമം. യുവതിയും ഭർത്താവും ഭർതൃമാതാവും ഭർതൃസഹോദരനുമാണ് പിതാവിനെ കൊറിയർ ചെയ്യാനായി കൊറിയർ സ്ഥാപനത്തിൽ എത്തിയത്. എന്താണ് കൊറിയർ ചെയ്യുന്നതെന്ന് ജീവനക്കാർ ചോദിച്ചെങ്കിലും യുവതി മറുപടി കൊടുത്തില്ല. ജീവനക്കാർ സംശയം തോന്നി കെട്ടഴിച്ചുനോക്കുകയായിരുന്നു. ബംഗളൂരുവിലെ സദാശിവനഗറിലുള്ള കൊറിയർ ഓഫീസിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.

റീൽ വീഡിയോയ്ക്ക് വേണ്ടിയാണ് പിതാവിനെ ചാക്കിൽ കയറ്റിയതെന്നായിരുന്നു യുവതിയുടെ ഞെട്ടിക്കുന്ന മറുപടി. റംസാൻ – ഉഗ്രാഡി സമയമായതിനാൽ യാത്രാടിക്കറ്റുകൾ ലഭിക്കാത്ത സാഹചര്യത്തിൽ കൊറിയർ അയയ്ക്കുന്നതാണ് ഏകമാർഗമെന്ന് കാണിക്കാനാണ് റീലെടുക്കുന്നതെന്നും യുവതി വിശദീകരിച്ചു.

കൊറിയർ അയയ്ക്കാൻ സാധിക്കില്ലെങ്കിൽ പിന്നെന്തിനാണ് സ്ഥാപനം നടത്തുന്നതെന്ന് പറഞ്ഞ് യുവതി ജീവനക്കാരോട് തട്ടിക്കയറി. പിതാവിനെ കൊറിയർ ചെയ്യാൻ സാധിക്കുന്ന മറ്റൊരു കൊറിയർ ഏജൻസി കണ്ടെത്താമെന്ന് പറഞ്ഞു യുവതിയും ബന്ധുക്കളും മടങ്ങിപ്പോയി. ജീവനക്കാർ വിവരം പൊലീസിൽ അറിയിക്കുകയും യുവതിയെയും കുടുംബത്തെയും പൊലീസ് സ്റ്റേഷനിലെത്തിച്ച് പ്രവൃത്തി അനുചിതമാണെന്ന് കാണിച്ച് മാപ്പ് പറയുന്ന റീൽ പോസ്റ്റ് ചെയ്തിപ്പിക്കുകയും ചെയ്‌ത ശേഷം വിട്ടയച്ചു.

Related Posts