റാപ്പിഡോ ബൈക്ക് ടാക്സി യാത്രയ്ക്കിടെ ഡ്രൈവറുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം നേരിട്ടതായി ബെംഗളൂരുവിലെ യുവതിയുടെ പരാതി. യാത്ര അവസാനിച്ചശേഷം ഹെൽമറ്റ് തിരികെ നൽകുന്നതിനിടെ ഡ്രൈവർ തൻ്റെ കൈയിൽ പിടിക്കുകയും അസ്വസ്ഥതയുണ്ടാക്കുന്ന രീതിയിൽ ചിരിക്കുകയും ചെയ്തെന്നാണ് യുവതി സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. സംഭവത്തിൽ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്.

മഴ കാരണം യാത്ര റദ്ദാക്കാൻ ആലോചിച്ചിരുന്നെങ്കിലും ഡ്രൈവർ റൈഡ് റദ്ദാക്കരുതെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടതായി യുവതി പറഞ്ഞു. യാത്രയ്ക്കിടെ അമിതമായി സൗഹൃദം പ്രകടിപ്പിക്കുകയും താൻ സുഖമായിരിക്കുന്നോയെന്ന് പലതവണ ചോദിക്കുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു.

യാത്ര അവസാനിച്ചശേഷം പണം നൽകാൻ ക്യുആർ കോഡ് ആവശ്യപ്പെട്ടപ്പോൾ ഫോൺ പ്രവർത്തിക്കുന്നില്ലെന്ന് പറഞ്ഞ ഡ്രൈവർ ഫോൺ നമ്പർ ചോദിച്ചതായും യുവതി ആരോപിച്ചു. സംഭവത്തെത്തുടർന്ന് തനിക്ക് സുരക്ഷിതത്വമില്ലെന്ന് തോന്നിയതിനാൽ താമസസ്ഥലത്തെ സൊസൈറ്റിക്കുള്ളിലേക്ക് ഉടൻ പ്രവേശിക്കാതെ കുറച്ചുനേരം പുറത്തു കാത്തുനിന്നെന്നും അവർ വ്യക്തമാക്കി.

യുവതിയുടെ സമൂഹമാധ്യമ പോസ്റ്റിനു പിന്നാലെ ബെംഗളൂരു പൊലീസ് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതികരിച്ച റാപ്പിഡോ, ബന്ധപ്പെട്ട ഡ്രൈവറെ പ്ലാറ്റ്‌ഫോമിൽനിന്ന് സ്ഥിരമായി സസ്‌പെൻഡ് ചെയ്തതായി അറിയിച്ചു.

Related Posts