തമിഴ്‌നാട്ടിലെ ഈറോഡിൽ യുവതിയെ പഴത്തോട്ടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. അപ്പാക്കുടല്‍ ടൗണിലെ ബ്യൂട്ടീഷ്യനായ സോണിയ(35) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ മുതല്‍ ഇവരെ കാണാതായിരുന്നു. യുവതിയുടെ കാമുകനായ മോഹൻ കുമാറിനെ(27)പോലീസ് അറസ്റ്റ് ചെയ്‌തു. ബികോം ബിരുദധാരിയായ ഇയാള്‍ക്ക് സ്വന്തമായി പഴത്തോട്ടവുമുണ്ട്.

സോണിയ സ്‌കൂള്‍ വിദ്യാർത്ഥികളായ മക്കള്‍ക്കും അമ്മയ്ക്കും ഒപ്പമാണ് കഴിഞ്ഞിരുന്നത്. ജോലി കഴിഞ്ഞും സോണിയ വീട്ടില്‍ തിരികെ എത്താത്തതോടെ വീട്ടുകാർ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് സോണിയയുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പരിശോധിച്ചതോടെയാണ് പൊലീസ് മോഹൻ കുമാറിലേക്കെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ തോട്ടത്തില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഗോപിച്ചെട്ടിപ്പാളയത്തിലെ തുണിക്കടയില്‍ ജോലി ചെയ്യുന്നതിനിടെയാണ് രണ്ടുവർഷം മുൻപ് സോണിയയും മോഹനും കണ്ടുമുട്ടിയതെന്ന് പൊലീസ് പറഞ്ഞു. പിന്നാലെ പ്രണയത്തിലായ ഇവർ ഇടക്കിടെ തോട്ടത്തില്‍വച്ച്‌ കാണാറുമുണ്ടായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് സോണിയ നിരന്തരം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു.

തോട്ടത്തില്‍ കുഴിയെടുത്ത മോഹൻ എട്ടുമണിയോടെ സോണിയോട് അവിടേയ്ക്ക് വരാൻ ആവശ്യപ്പെട്ടു. കല്ലുകൊണ്ട് സോണിയയെ ആക്രമിക്കുകയും കത്തികൊണ്ട് കഴുത്തില്‍ കുത്തികൊലപ്പെടുത്തുകയുമായിരുന്നു. ശേഷം മൃതദേഹം കുഴിച്ചിടുകയും സോണിയയുടെ ഫോണും വസ്ത്രങ്ങളും സമീപത്തെ ഭവാനി കനാലില്‍ ഉപേക്ഷിക്കുകയും ചെയ്തു. പിറ്റേന്ന് പൊലീസ് തോട്ടത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെ മോഹനും അവിടെ സന്നിഹിതനായിരുന്നു. അറസ്റ്റിലായ മോഹൻ കുമാറിനെ റിമാൻഡ് ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Related Posts