ബെംഗളൂരുവിൽ പൊലീസ് ഇൻസ്പെക്ടർക്കെതിരെ ലൈംഗിക പീഡന പരാതി നൽകി യുവതി. വിവാഹ വാഗ്ദാനം നൽകി പലവട്ടം പീഡിപ്പിച്ചു എന്നാണ് പരാതിയിലെ ആരോപണം. ഡിജെ ഹള്ളി ഇൻസ്പെക്ടർ സുനിലിനെതിരെയാണ് യുവതിയുടെ പരാതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് മുപ്പത്തിയാറുകാരിയായ യുവതിയുടെ പരാതി ലഭിച്ചത്. പോലീസ് സ്റ്റേഷനിൽ ഒരു പരാതിയുമായി എത്തിയ തന്നോട് അടുപ്പം കാണിക്കുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് യുവതി പറയുന്നത്.
നിരന്തരം ഫോണിൽ വിളിക്കാറുണ്ടെന്നും വിഡിയോ കോളിൽ വരാൻ ആവശ്യപ്പെടാറുണ്ടെന്നും യുവതി പറയുന്നു. വീട്, ബ്യൂട്ടി പാർലർ എന്നീ വാഗ്ദാനങ്ങളും ഇൻസ്പെക്ടർ യുവതിക്ക് നൽകി. സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും തന്നെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചിരുന്നതായും യുവതി തൻ്റെ പരാതിയിൽ പറയുന്നു. പരാതിപ്പെട്ടാൽ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. തന്നെ വിവാഹം ചെയ്തുകൊള്ളാമെന്നും ഒരു ഫ്ലാറ്റ് വാങ്ങി ഒരുമിച്ചു താമസിക്കാമെന്നും പറഞ്ഞിരുന്നതായും യുവതി നൽകിയ പരാതിയിൽ പറയുന്നു.