കർണാടകയിൽ പ്രേതബാധയെന്ന് ആരോപിച്ച് മന്ത്രവാദിനിയുടെ ക്രൂരമർദ്ദനത്തിനിരയായ വയോധികയ്ക്ക് ദാരുണാന്ത്യം. ശിവമോഗ ജില്ലയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ ഗീതമ്മയുടെ മകൻ സഞ്ജയ് ഉൾപ്പെടെ 3 പേർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. അമ്മയായ ഗീതമ്മയ്ക്ക് പ്രേതബാധയേറ്റതായി വിശ്വസിച്ച മകൻ മന്ത്രവാദിനിയായ ആശയെന്ന സ്ത്രീയെ വീട്ടിലെത്തിച്ചു.
തുടർന്ന് ആശയും ഭർത്താവ് സന്തോഷും ചേർന്ന് ബാധയൊഴിപ്പിക്കൽ ആരംഭിച്ചു. ഇന്നലെ രാത്രി ഒൻപതരയോടെയാണ് ബാധയൊഴിപ്പിക്കൽ ചടങ്ങുകൾ ആരംഭിച്ചത്. നാലര മണിക്കൂറോളം ഇതിന്റെ ഭാഗമായി വയോധികയെ വടികൊണ്ട് മർദ്ദിച്ചു. ഗീതമ്മ ക്രൂരമർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ് മരണപ്പെടുകയായിരുന്നു. സമൂഹമാദ്ധ്യമങ്ങളിലടക്കം സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് സഞ്ജയ്, ആശ, സന്തോഷ് എന്നിവർ അറസ്റ്റിലായത്.