17-മത് ബെംഗളൂരു അന്താരാഷ്ട ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കമാവും. എഴുപതിലധികം രാജ്യങ്ങളിൽനിന്നുള്ള 225-ലധികം സിനിമകൾ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കും. രാജാജിനഗറിലെ ലുലു മാളിൽ 13 സ്ക്രീനുകളിലായി 400-ഓളം പ്രദർശനങ്ങൾ മേളയുടെ ഭാഗമാകും.
കന്നഡ സിനിമ, ചിത്രഭാരതി(ഇന്ത്യൻ സിനിമ), ഏഷ്യൻ സിനിമ എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഓരോ വിഭാഗത്തിലും മൂന്നുവീതം പുരസ്കാരങ്ങളാണ് ജേതാക്കളെ കാത്തിരിക്കുന്നത്.
വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി സിദ്ധരാമയ്യ അന്താരാഷ്ട ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യും. പോർട്ട് ബാഗേജ് ആണ് ഉദ്ഘാടന ചിത്രം. ഇന്ന് രാത്രി എട്ട് മണിക്ക് വിധാൻ സൗധയ്ക്കു മുൻപിലെ ഉദ്ഘാടനവേദിയിൽ ചിത്രം പ്രദർശിപ്പിക്കും. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, സ്പീക്കർ യു.ടി. ഖാദർ, കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി, നടൻ പ്രകാശ് രാജ്, നടി രുഗ്മിണി വസന്ത തുടങ്ങിയവർ പങ്കെടുക്കും.
ആറ് മലയാള സിനിമകൾ ഇത്തവണ മത്സരരംഗത്തുണ്ട്. ഇന്ത്യൻ സിനിമാവിഭാഗത്തിലാണ് മലയാള സിനിമ മത്സരിക്കുന്നത്. കാട്, മലവാഴി, എ പ്രെഗ്നന്റ് വിഡോ, എ ഷോർട്ട് ട്രിപ്പ്, ഡിസയർ, ഹിഡൻ ട്രെമേഴ്സ് എന്നിവയാണവ.
ചലച്ചിത്രോത്സവം ഫെബ്രുവരി ആറിന് സമാപിക്കും.