ഇന്ത്യ മിക്കപ്പോഴും യുക്രൈൻ്റെ പക്ഷത്താണെന്നും അതേസമയം, ഊര്‍ജ്ജരംഗത്ത് ചില വെല്ലുവിളികള്‍ പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതില്‍ തനിക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്നും സെലന്‍സ്‌കി വ്യക്തമാക്കി. യുക്രൈനെതിരായ യുദ്ധത്തിന് റഷ്യക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ആരാണെന്ന വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിൻ്റെ പ്രസ്താവനയില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് യുക്രൈന്‍ പ്രസിഡണ്ട് വ്‌ളോദിമിര്‍ സെലന്‍സ്‌കി.
ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ (UNGA) 80-ാം സമ്മേളനത്തില്‍ ട്രംപ് നടത്തിയ ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തിനുള്ള മറുപടിയെന്നോണമാണ് സെലന്‍സ്‌കിയുടെ പുതിയ പ്രസ്താവന. യുക്രൈന് എതിരായ യുദ്ധത്തിന് ഇന്ത്യയും ചൈനയുമാണ് റഷ്യയ്ക്ക് പ്രധാനമായും പണം നല്‍കുന്നതെന്നാണ് ട്രംപ് ആരോപിച്ചിരുന്നത്. ഫോക്‌സ് ന്യൂസ് അവതാരകനായ ബ്രെറ്റ് ബെയറുമായുള്ള അഭിമുഖത്തിലാണ് സെലന്‍സ്‌കി റഷ്യ-യുക്രൈന്‍ യുദ്ധത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവെച്ചത്.
ഇന്ത്യയെക്കുറിച്ചും നിലവില്‍ മുന്നിലുള്ള വെല്ലുവിളികളെക്കുറിച്ചും സംസാരിച്ചതിനൊപ്പം ട്രംപിലുള്ള വിശ്വാസത്തെക്കുറിച്ചും സെലന്‍സ്‌കി സംസാരിച്ചു. ‘ഇന്ത്യ മിക്കപ്പോഴും ഞങ്ങളോടൊപ്പമാണ് എന്നാണ് ഞാന്‍ കരുതുന്നത്. ഊർജമേഖലയില്‍ ഞങ്ങള്‍ക്ക് കുറച്ചു പ്രശ്‌നങ്ങളുണ്ട്. പക്ഷേ, പ്രസിഡണ്ട് ട്രംപിന് അവ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്.’ സെലന്‍സ്‌കി പറഞ്ഞു.