ലഡാക്കിന് സംസ്ഥാന പദവി വേണമെന്ന് ആവശ്യപ്പെട്ട് ലേയിൽ നടന്ന പ്രതിഷേധത്തിൽ 4 പേർ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലഡാക്കിൽ സംഘർഷത്തെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനം പോലീസിന് നേരെ കല്ലെറിയുകയും പോലീസ് വാൻ കത്തിക്കുകയും ചെയ്‌തു.

നേരത്തെ ലഡാക്കിൽ ആരംഭിച്ച സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ആദ്യമായാണ് അക്രമാസക്തമാകുന്നത്. നിരാഹാര സമരവുമായി മുന്നോട്ട് പോയ പ്രതിഷേധക്കാർ, പണിമുടക്കിനും ആഹ്വാനം ചെയ്‌ത ശേഷമാണ് അക്രമാസക്തമായ സമരത്തിലേക്ക് കടന്നത്. ലേ നഗരത്തിലെ ബിജെപി ഓഫീസ് ഇന്ന് പ്രതിഷേധക്കാർ ആക്രമിച്ചു.

ബിജെപി ഓഫീസിന് തീവെച്ച സമരക്കാർ പോലീസിനെതിരെയും ആക്രമണം നടത്തിയതോടെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ലാത്തിച്ചാർജും നടത്തി.
സർക്കാരും സമരക്കാരും വിഷയം ചർച്ച ചെയ്യാനിരിക്കെയാണ് ഇന്ന് പ്രതിഷേധം അക്രമാസക്തമായത്. കേന്ദ്ര സർക്കാരും സമരക്കാരുമായി ഒക്ടോബർ 6 നാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഞായറാഴ്ച തുടങ്ങാനിരുന്ന ലഡാക്ക് ഫെസ്റ്റിവൽ മാറ്റിവച്ചു.

Related Posts