തമിഴ്നാട് മുഖ്യമന്ത്രി വിജയ് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനെ സന്ദർശിച്ചു. സ്റ്റാലിൻ്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും ചേർന്നാണ് വിജയ്യെ സ്വീകരിച്ചത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സ്റ്റാലിൻ തൻ്റെ എക്സ് പേജിൽ പങ്കുവച്ചിട്ടുണ്ട്. സ്റ്റാലിൻ വിജയ് യെ ഹസ്തദാനം ചെയ്തും ആലിംഗനം ചെയ്തും സ്വീകരിച്ചു.
ഇരു നേതാക്കളും പൂച്ചെണ്ടുകളും പൊന്നാടയും കൈമാറി. തമിഴ്നാട്ടിലെ വിവിധ പാർട്ടികളിലെ മുതിർന്ന നേതാക്കളുമായി വിജയ് ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നു. എല്ലാവരെയും അവരുടെ വസതിയിലെത്തി സന്ദർശിക്കുമെന്നാണ് ടിവികെ വൃത്തങ്ങൾ അറിയിച്ചിരുന്നത്.
സ്റ്റാലിൻ കൂടാതെ വിസികെ അദ്ധ്യക്ഷൻ തിരുമാവളവൻ, എംഡിഎംകെ നേതാവ് വൈക്കോ ഉൾപ്പെടെയുള്ളവരെ വിജയ് സന്ദർശിച്ചേക്കും. എഐഎഡിഎംകെ നേതൃത്വത്തെ കാണുന്ന കാര്യത്തിൽ മാത്രം അനിശ്ചിതത്വം നിലനിൽക്കുന്നുവെന്നാണ് വിവരം. അനുഗ്രഹം തേടുന്നതിനൊപ്പം ഭരണ നിർവ്വഹണത്തിന് വേണ്ട അഭിപ്രായങ്ങൾ കൂടി ചോദിച്ചറിയാനാണ് വിജയ് മുതിർന്ന നേതാക്കളെ കാണുന്നത്.
ടിവികെ അദ്ധ്യക്ഷനും നടനുമായ വിജയ് ഇന്നലെയാണ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചായിരുന്നു സത്യപ്രതിജ്ഞ. രാഷ്ട്രീയ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സിനിമാ മേഖലയിൽ നിന്നുള്ള പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.