കശ്മീരില്‍ ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ കമാന്‍ഡറെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ലഷ്‌കറിൻ്റെ മുതിര്‍ന്ന കമാന്‍ഡറായ അല്‍ത്താഫ് ലല്ലിയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഭീകരരും സൈന്യവും കശ്മീരിലെ ബന്ദിപോരയിലാണ് തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളികളായ ഭീകരരെ കണ്ടെത്താനുള്ള ശ്രമങ്ങൾക്കിടെയാണ് ബന്ദിപോരയിലെ കുൽനാർ ബസിപോര മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ഇവിടം സൈന്യം വളയുകയായിരുന്നു. പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത കശ്‌മീരികളായ രണ്ട് ലഷ്കർ ഭീകരരുടെ വീടുകൾ പ്രാദേശിക ഭരണകൂടം തകർത്തു.

ഭീകരആക്രമണത്തിൽ പങ്കെടുത്ത ആസിഫ് ഷെയ്ഖ്, ആദിൽ ഹുസൈൻ എന്നിവരുടെ വീടുകളാണ് തകർത്തത്. ഇവരുടെ കുടുംബങ്ങൾ പഹൽഗാം ആക്രമണത്തിന് പിന്നാലെ വീടൊഴിഞ്ഞ് പോയിരുന്നു. പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത തദ്ദേശീയരായ ഭീകരർക്കെതിരേ പ്രദേശവാസികളിൽനിന്ന് കടുത്ത എതിർപ്പുകളുയർന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇവരുടെ വീടുകൾ തകർത്തത്.

നിയന്ത്രണരേഖയിൽ വെള്ളിയാഴ്‌ച വീണ്ടും പാക് പ്രകോപനമുണ്ടായിരുന്നു. വെള്ളിയാഴ്ച നിയന്ത്രണരേഖയിൽ വീണ്ടും പാക് പ്രകോപനമുണ്ടായിരുന്നു. രാവിലെ നിയന്ത്രണരേഖയ്ക്ക് സമീപമാണ് പാകിസ്‌താൻ്റെ ഭാഗത്തുനിന്ന് വെടിവെപ്പുണ്ടായത്. പിന്നാലെ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. മേഖലയിൽ വെടിവെപ്പ് തുടരുകയാണെന്നാണ് റിപ്പോർട്ട്.

കശ്‌മീരിലെ ഉധംപുരിൽ കഴിഞ്ഞദിവസം ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു. വീരമൃത്യു വരിച്ചത് പ്രത്യേക സേനയിലെ ഹവിൽദാർ ജാന്തു അലി ഷെയ്ഖാണ്. ഭീകരസാന്നിധ്യം പ്രദേശത്തുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് ജമ്മു കശ്‌മീർ പോലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയായിരുന്നു ആക്രമണം. 24 മണിക്കൂറിനുള്ളിൽ ജമ്മുവിൽ ഭീകരരും സുരക്ഷാസേനയുംതമ്മിലുണ്ടായ മൂന്നാമത്തെ ഏറ്റുമുട്ടലായിരുന്നു ഇത്.

Related Posts