കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷിയും ഡൽഹിയിൽ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്. കെ.സി വേണുഗോപാൽ, വി.ഡി. സതീശന്, രമേശ് ചെന്നിത്തല എന്നിവര്‍ക്കുവേണ്ടിയാണ് അവകാശവാദങ്ങള്‍ നടന്നത്. പലതവണ നേതാക്കളെയും എംഎൽഎമാരെയും ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് ഒടുവിൽ, മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയായിരുന്നു.
മുന്‍ കെപിസിസി അധ്യക്ഷന്മാരായ വി.എം.സുധീരന്, മുല്ലപ്പള്ളി രാമചന്ദ്രന്, കെ.മുരളീധരന്, എം.എം. ഹസന്, കോണ്‍ഗ്രസ് അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനില്‍കുമാര്‍, ഷാഫി പറമ്പില്‍, പി.സി.വിഷ്ണുനാഥ് ഉള്‍പ്പെടെയുള്ളവരെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ച് അഭിപ്രായം തേടിയിരുന്നു. ഘടകകക്ഷി നേതാക്കളുമായും എംപിമാരുമായും മുന്‍ കെപിസിസി അധ്യക്ഷന്മാരുമായും ചര്‍ച്ച നടത്തിയിരുന്നു.
മുഖ്യമന്ത്രിയാരെന്ന കാര്യത്തില്‍ ഘടകകക്ഷി നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് സൂചന നല്‍കിയിരുന്നു. പരസ്യ പ്രതിഷേധങ്ങള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാതെ എല്ലാവരും സ്വീകരിക്കണമെന്നും ഹൈക്കമാന്‍ഡ് കേരളത്തിലെ നേതാക്കള്‍ക്കും ഘടകകക്ഷികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈകാരിക പ്രകടനവും സമൂഹ മാധ്യമപ്രചാരണവും നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് ഹൈക്കമാന്‍ഡ് പറയാതെ പറഞ്ഞിരുന്നു. ഹൈക്കമാന്‍ഡ് തീരുമാനം എന്തു തന്നെയായാലും അംഗീകരിക്കുമെന്ന് മൂന്ന് നേതാക്കളും വ്യക്തമാക്കിയിരുന്നു.