ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് രാജിവച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ) അനുസരിച്ചാണ് രാജി വയ്ക്കുന്നതെന്നും രാഷ്ട്രപതി ദ്രൗപദി മുർമുവിന് അയച്ച കത്തിൽ പറയുന്നു. ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ തുടങ്ങിയവരോട് തനിക്ക് നന്ദിയുണ്ടെന്നും അദ്ദേഹത്തിൻ്റെ കത്തിൽ പറയുന്നു.
അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനായെന്നും പ്രധാനമന്ത്രിയുടെ പിന്തുണ വിലമതിക്കാ നാകാത്തതാണെന്നും സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച രാജിക്കത്തിൽ അദ്ദേഹം പറഞ്ഞു. കാലാവധി തീരാൻ രണ്ടു വർഷമുള്ളപ്പോഴാണ് അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്.
ജഗ്ദീപ് ധൻകർ 2022 ഓഗസ്റ്റിലാണ് ചുമതലയേറ്റത്. രാജസ്ഥാനിലെ ജുൻജുനു സ്വദേശിയായ ജഗ്ദീപ് ധൻകർ മുൻ കേന്ദ്രമന്ത്രിയും ബംഗാൾ മുൻ ഗവർണറുമായിരുന്നു. ആരോഗ്യ കാരണങ്ങളാൽ കഴിഞ്ഞ മാർച്ച് മാസം മുതൽ അദ്ദേഹം ആശുപത്രിയിലാ യിരുന്നു. അദ്ദേഹം ഈ മാസമാണ് ചുമതലയിൽ തിരികെയെത്തിയത്. ഇന്നും അദ്ദേഹം പാർലമെന്റിൽ എത്തിയിരുന്നു.