മതം പറയുന്നവർ മന്ത്രിമാരാവുകയും മതേതരത്വം പറയുന്നവർ വർഗീയവാദികളാവുകയും ചെയ്യുന്ന സാമൂഹ്യസാഹചര്യമാണ് കേരളത്തിലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യോഗം നേതൃയോഗം ബെംഗളൂരുവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിലർ മതം പറഞ്ഞാൽ മതേതരത്വവും എസ്എൻഡിപി യോഗം അത് പറഞ്ഞാൽ വർഗീയവുമാകുന്ന സാമൂഹ്യസാഹചര്യമാണ് കേരളത്തിൽ. ഈ ഇരട്ടത്താപ്പ് അംഗീകരിക്കില്ല. ഭരണഘടനയും നിയമവും ഉറപ്പുനൽകുന്ന അവകാശങ്ങൾ ചോദിക്കുന്നത് വർഗീയതയാണെങ്കിൽ അത് ഇനിയും തുടരും.
എസ്എൻഡിപി യോഗവും താനും രാവും പകലും വിമർശിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്യുന്നത് യോഗം അവഗണിക്കാനാകാത്ത ശക്തിയായി മാറിയതിനാലാണ്. യോഗം ഒരു വ്യക്തിയുടെ പ്രസ്ഥാനം അല്ല. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആത്മാഭിമാനത്തിൻ്റെ പോരാട്ട പ്രസ്ഥാനമാണ്. 4.5 കോടിയുടെ ആസ്തിയിൽ നിന്ന് 339 കോടിയുടെ ആസ്മിയിലേക്ക് യോഗം വളർന്നത് മുപ്പത് വർഷത്തെ കൂട്ടായ പരിശ്രമത്തിൻ്റെ ഫലമായാണ്. പ്രവർത്തകരുടെ വിയർപ്പിന്റെ വിലയാണിത്. ഈ വളർച്ച കണ്ടാണ് ചിലർ അസ്വസ്ഥരാകുന്നത്.
എസ്എൻഡിപി യോഗം നേതൃക്യാമ്പിന് ബംഗളൂരുവിൽ തുടക്കമായി, യോഗം കൗൺസിൽ അംഗങ്ങൾ, ബോർഡ് അംഗങ്ങൾ, വിവിധ യൂണിയനുകളുടെ പ്രസിഡൻ്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, പോഷകസംഘടനകളുടെ സംസ്ഥാന ഭാരവാഹികൾ തുടങ്ങി 700 പേരാണ് പങ്കെടുക്കുന്നത്. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ കൊല്ലം ചാത്തന്നൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച എസ്എൻഡിപി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡൻ്റ് ബി.ബി. ഗോപകുമാർ എംഎൽഎയെ നേതൃയോഗത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആദരിച്ചു. നേത്യയോഗത്തിലെ പ്രതിനിധി കൂടിയാണ് ഗോപകുമാർ.