പ്രവാസി മലയാളികൾക്കായി നോർക്ക റൂട്ട്സ് നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഇത്തവണ നാല് ലക്ഷത്തിലേറെ കുടുംബാംഗങ്ങൾക്ക് ചികിത്സാ-സുരക്ഷാ ആനുകൂല്യം ലഭിക്കും. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായതോടെ ആകെ 1,63,868 പോളിസികൾ വിതരണം ചെയ്തതായി നോർക്ക അറിയിച്ചു. ഈ വർഷത്തേക്കുള്ള അപേക്ഷാ കാലാവധി അവസാനിച്ചതിനാൽ ഇനി പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർ അടുത്ത വർഷം വരെ കാത്തിരിക്കണം.
അടിസ്ഥാന ഇൻഷുറൻസ് പദ്ധതിയായ ‘നോർക്ക കെയർ’ വഴി 1,32,031 പോളിസികളും, മാതാപിതാക്കളെ ഉൾപ്പെടുത്തി അധിക പരിരക്ഷ നൽകുന്ന ‘നോർക്ക കെയർ പ്ലസ്’ പദ്ധതിയിൽ 31,837 പോളിസികളും വിതരണം ചെയ്തു.
പ്രായമായ മാതാപിതാക്കൾക്കും ആദ്യദിവസം മുതൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത. സാധാരണ ഇൻഷുറൻസ് കമ്പനികളിൽ ഉയർന്ന പ്രീമിയമോ മുൻകാല രോഗങ്ങൾക്ക് നിയന്ത്രണങ്ങളോ ഉള്ള സാഹചര്യത്തിൽ നോർക്ക പദ്ധതി വലിയ ആശ്വാസമാണ്.
കേരളത്തിലെ 500-ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 10,000-ത്തിലധികം പാനൽ ആശുപത്രികളിൽ ക്യാഷ്ലെസ് ചികിത്സ ലഭ്യമാണ്. അപകടമരണം സംഭവിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഇന്ത്യയ്ക്കുള്ളിൽ 25,000 രൂപയും, വിദേശത്തുനിന്നാണെങ്കിൽ 50,000 രൂപയും സാമ്പത്തിക സഹായമായി നൽകും.