ദക്ഷിണ ബംഗളുരു കോർപറേഷൻ പരിധിയിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നതിനായി ആറ് ടോവിംഗ് വാഹനങ്ങൾ കോർപറേഷൻ പുതുതായി സജ്ജമാക്കി. കമ്മീഷണർ കെ.എൻ. രമേശ് ഈ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കഴിഞ്ഞ ദിവസം നിർവഹിച്ചു. ഇന്ന് മുതൽ ഈ ടോവിംഗ് വാഹനങ്ങൾ നഗരത്തിൽ സജീവമാകും. ട്രാഫിക് പൊലീസും കോർപറേഷനും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന പിഴത്തുക ട്രാഫിക് പൊലീസും കോർപറേഷനും പങ്കിടുമെന്ന് അധികൃതർ പറഞ്ഞു.
റോഡരികിലും നടപ്പാതകളിലും നിയമം ലംഘിച്ച് നിറുത്തിയിടുന്ന വാഹനങ്ങളും ദീർഘകാലമായി ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങളും ഉടനടി നീക്കം ചെയ്യാനാണ് അധികൃതരുടെ തീരുമാനം. പിഴ ഈടാക്കുന്ന നടപടികൾ കൂടുതൽ സുതാര്യമാക്കുന്നതിൻ്റെ ഭാഗമായി ടോവിംഗ് വാഹനങ്ങളിലെ ഓപ്പറേറ്റർമാർക്ക് പോയിന്റ് ഓഫ് സെയിൽ മെഷീനുകൾ നൽകിയിട്ടുണ്ടെന്നും ഡിജിറ്റൽ മാർഗ്ഗത്തിലൂടെ മാത്രമേ പിഴ സ്വീകരിക്കുകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി.