ലോക സാമ്പത്തിക ഫോറം (ഡബ്ല്യു.ഇ.എഫ്) യോഗത്തിൽ സംസ്ഥാനത്തിന് 13,070 കോടി രൂപയുടെ നിക്ഷേപ സാധ്യത ലഭിച്ചതായി വ്യവസായ മന്ത്രി എം.ബി. പാട്ടീൽ. ഡേറ്റ സെൻ്ററുകൾ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, എയ്റോസ്പേസ്, ഭക്ഷ്യ സംസ്കരണം, ക്ലീൻ എനർജി, അഡ്വാൻസ്ഡ് മാനുഫാക്ചറിങ് തുടങ്ങിയ മേഖലകളിലാണ് നിക്ഷേപ സാധ്യത തെളിഞ്ഞത്. അടുത്ത 3 വർഷത്തിനുള്ളിൽ ആർ.പി.സഞ്ജീവ് ഗോയങ്ക ഗ്രൂപ് (ആർ.പി.എസ്.ജി) ബല്ലാരി, വിജയപുര ജില്ലകളിൽ 10,500 കോടി രൂപ നിക്ഷേപിക്കും.
സംസ്ഥാനത്ത് ഇതിനകം 10,000 കോടി രൂപ നിക്ഷേപിക്കുകയും കുഷ്ഠഗിയിൽ കാറ്റാടി വൈദ്യുതിക്കായി ടർബൈൻ ബ്ലേഡ് നിർമ്മാണം ആരംഭിക്കുകയും ചെയ്ത ഐനോക്സ് ജി.എഫ്.എൽ, കാറ്റാടി വൈദ്യുതി ടവറുകളും സോളാർ പാനലുകളും നിർമിക്കുന്നതിനായി 400 കോടി രൂപ കുടി നിക്ഷേപിക്കും. ഐ.ടി പ്രവർത്തനങ്ങളിൽ ഉൾപ്പെടെ 1520 കോടി രൂപ നിക്ഷേപിക്കാൻ ഷ്നൈഡർ ഇലക്ട്രിക് മുന്നോട്ടുവന്നു. ടി.വി.എസിന് ഘടകങ്ങൾ വിതരണം ചെയ്യുന്ന മൈസൂരു യുനിറ്റ് വികസിപ്പിക്കുന്നതിനായി ബെൽറൈസ് ഇൻഡസ്ട്രീസ് 300 കോടി രൂപ നിക്ഷേപിക്കും.
ആഗോള മദ്യനിർമാണ കമ്പനി കാൾസ്ബർഗ് ഗ്രൂപ് നഞ്ചൻഗുഡുവിൽ 350 കോടി രൂപയുടെ ബോട്ടിങ് പ്ലാൻ്റ് സ്ഥാപിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്.