തൃശൂരിൽ നിന്ന് വാഹന പരിശോധനയിൽ 62.5 ലക്ഷം രൂപ പിടികൂടി. നിയമസഭ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. കർണാടക സ്വദേശിയായ ഉദയ ശങ്കറാണ് പണവുമായി പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട കർണാടക കെഎസ്ആർടിസി ബസിൽ നിന്ന് തൃശൂർ മുടിക്കോട് ദേശീയപാതയിൽ എത്തിയപ്പോഴാണ് പണം പിടിക്കൂടിയത്.
തൃശൂർ എക്സൈസ് ഇൻ്റലിജൻസും തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡും ചേർന്ന് നടത്തിയ തിരിച്ചിലിലാണ് പിടികൂടിയത്. ഇന്ന് രാവിലെ 7 മണിയോട് കൂടിയാണ് സംഭവം. കർണാടകയിലെ വസ്തു വിറ്റ പണമാണെന്നാണ് ഉദയ ശങ്കർ പൊലീസിന് നൽകിയ മൊഴി. എന്നാൽ ഇതു സംബന്ധിച്ച മറ്റു വിവരങ്ങൾ ഇയാളുടെ കൈവശമില്ലെന്ന് പൊലീസ് പറഞ്ഞു. കേസ് ഉടൻ തന്നെ ആദായ നികുതി വകുപ്പിന് കൈമാറുമെന്നും പൊലീസ് പറഞ്ഞു.