റാപ് ഗായകൻ വേടനെ (ഹിരൺദാസ് മുരളി) പുലിപ്പല്ലുമായി അറസ്‌റ്റ് ചെയ്‌തതിനെ തുടർന്ന് ഉയർന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് കോടനാട് ഫോറസ്‌റ്റ് റേഞ്ച് ഓഫിസർ ആർ.അതിഷിനെ സ്‌ഥലം മാറ്റാൻ വനമന്ത്രി എ.കെ. ശശീന്ദ്രൻ ഉത്തരവിട്ടു. മലയാറ്റൂർ ഡിവിഷനു പുറത്തേക്കാണ് ആർ. അതിഷിനെ സ്ഥലം മാറ്റിയത്. സ്‌ഥിരീകരിക്കാത്ത വിവരങ്ങൾ പരസ്യമാക്കിയതിനാണ് ഉദ്യോഗസ്‌ഥൻ നടപടി നേരിട്ടിരിക്കുന്നത്.

വനംവകുപ്പ് വേടനെതിരെ അനാവശ്യ തിടുക്കം കാട്ടിയാണ് നടപടിയെടുത്തതെന്നു തുടക്കം മുതൽ അഭിപ്രായം ഉയർന്നിരുന്നു തുടർന്ന് വകുപ്പു മന്ത്രി തന്നെ വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ നടപടിക്കെതിരെ രംഗത്തുവരികയും റിപ്പോർട്ട് തേടുകയും ചെയ്തു. പുലിപ്പല്ലുമായി ബന്ധപ്പെട്ട് റാപ്പറിനെതിരെ സ്വീകരിച്ച നിയമനടപടികളിൽ റേഞ്ച് ഓഫീസർക്കു പിഴവുണ്ടായിട്ടില്ല എന്ന റിപ്പോർട്ടാണ് വനംവകുപ്പ് സെക്രട്ടറി മന്ത്രിക്കു നൽകിയത്. പ്രതിക്ക് ശ്രീലങ്കന്‍ ബന്ധം ഉണ്ട് തുടങ്ങിയ സ്ഥിരീകരിക്കാത്ത കാര്യങ്ങള്‍ അന്വേഷണ മധ്യേ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വെളിപ്പെടുത്തിയത് ശരിയായ അന്വേഷണ രീതി അല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

Related Posts