ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥി പിവി അൻവറിന് മുന്നിൽ ഇനി യുഡിഎഫ് വാതിൽ തുറക്കില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അൻവറിൻ്റെ പ്രസ്താവനകൾക്ക് മറുപടിയില്ല. ചർച്ചയുടെ വാതിൽ അടഞ്ഞതാണ്. എല്ലാത്തിനും ഉത്തരം നാവിൻ തുമ്പിലുണ്ട്, പക്ഷെ പറയുന്നില്ലെന്നും സതീശൻ പറഞ്ഞു. രാജ്ഭവനെ ആർഎസ്എസ് ആസ്ഥാനമാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഭാരത മാതാവിൻ്റെ ചിത്രം രാജ് ഭവനിൽ വയ്ക്കുന്നത് ശരിയല്ല.
ഇത്തരം പരിപാടികൾക്ക് രാജ് ഭവൻ വേദിയാക്കരുത്. രാജ്ഭവൻ ആർ എസ് എസിൻ്റെ ആസ്ഥാനമാക്കരുത്. പിണറായി വിജയൻ ചുണ്ടനക്കാത്തത് എന്താണ്? അദ്ദേഹം ചോദിച്ചു. പിഎസി ദേശീയപാതയിലെ അപാകതകൾ അന്വേഷിക്കുന്നതിൽ സംസ്ഥാന സർക്കാരിന് എന്താണ് പ്രശ്നമെന്ന് ചോദിച്ച അദ്ദേഹം, സർക്കാരിന് കേന്ദ്ര സർക്കാരിനെയും ബിജെപിയെയും പേടിയാണെന്നും കുറ്റപ്പെടുത്തി.