വടകര പുറമേരി സ്വദേശി ഷജീല്‍ ആണ് കോയമ്പത്തൂര്‍ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിൻ്റെ കസ്റ്റഡിയിലായത്. 2024 ഫെബ്രുവരി 17ന് വടകര ചോറോട് നടന്ന അപകടത്തില്‍ കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശികളായ സുധീറിൻ്റെയും സ്മിതയുടേയും മകള്‍ ദൃശാനയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും മുത്തശ്ശി ബേബി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തിരുന്നു.
ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോമ അവസ്ഥയില്‍ തുടരുകയായിരുന്നു 9 വയസ്സുകാരി ദൃശാന. ഇവരെ ഇടിച്ചിട്ട വാഹനം മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ഡിസംബറിലാണ് കണ്ടെത്തിയത്. ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പിലാണ് അപകടമുണ്ടായത്.
രാത്രി ഒമ്പതുമണിയോടെ ചോറോടിലെ ബന്ധുവീട്ടിലേക്ക് പോകാനായി ബസ്സിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് വെള്ളനിറത്തിലുള്ള കാര്‍ ഇരുവരെയും ഇടിച്ചുവീഴ്ത്തിയത്. അപകടം നടന്നശേഷം പോലീസ് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചിരുന്നെങ്കിലും തെളിവൊന്നും കിട്ടിയിരുന്നില്ല. പിന്നീട് അന്വേഷണം ഇഴഞ്ഞു.
ഇതോടെ ബന്ധുക്കള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുളളവര്‍ക്ക് പരാതി നല്‍കി. തുടര്‍ന്നാണ് വീണ്ടും അന്വേഷണം ഊര്‍ജിതമായത്. അപകടം നടന്ന് ഒന്‍പതുമാസത്തിന് ശേഷമായിരുന്നു ദൃഷാനയെയും മുത്തശ്ശിയെയും ഇടിച്ച കാറും ഉടമയെയും തിരിച്ചറിഞ്ഞത്. 19,000 വാഹനങ്ങളില്‍ നിന്നാണ് അപകടമുണ്ടാക്കിയ കാര്‍ തിരിച്ചറിഞ്ഞത്. യു.എ.ഇയിലായിരുന്ന ഷജീല്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴാണ് നടപടി.
ഇയാള്‍ക്കുവേണ്ടി പോലീസ് നേരത്തെതന്നെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഷജീലിനെ വടകര പോലീസിന് കൈമാറുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്യും. ഹാജരാക്കുകയും ചെയ്യും. മനഃപൂര്‍വമല്ലാത്ത നരഹത്യ, വ്യാജ തെളിവുണ്ടാക്കി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കല്‍ എന്നീ രണ്ട് കേസുകളാണ് ഇയാള്‍ക്കെതിരേ രജിസ്റ്റർ ചെയ്തത്.