വ്യാജവും അശ്ലീലവുമായ പ്രചരണങ്ങൾ എ ഐ ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ നടtത്തുന്നുവെന്ന് ആരോപിച്ച് വടകരയിലെ യു ഡി എഫ് സ്ഥാനാർഥി കെ. കെ. രമ എം എൽ എ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
ചോമ്പൽ ഹാർബറിൽ വെച്ച് സ്ഥാനാർത്ഥിയെ തടഞ്ഞുവെച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് പരാതിയിൽ പറയുന്നു. ദ്വയാർത്ഥ പ്രയോഗങ്ങൾ നിറഞ്ഞതും അശ്ലീലച്ചുവയുള്ളതുമായ പോസ്റ്റുകൾ വഴി വ്യക്തിഹത്യ നടത്താൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്നും രമ പരാതിയിൽ ചൂണ്ടിക്കാട്ടി.
എ ഐ (നിർമ്മിത ബുദ്ധി) ഉപയോഗിച്ച് കൃത്രിമമായി നിർമ്മിച്ച ദൃശ്യങ്ങളാണ് തനിക്കെതിരെ വ്യാപകമായി പ്രചരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്തെ ഇത്തരം സൈബർ ആക്രമണങ്ങൾ ജനാധിപത്യ വിരുദ്ധമാണെന്നും ഇത്തരം വ്യാജ വീഡിയോകളും പോസ്റ്റുകളും പ്രചരിക്കുന്നത് തൻ്റെ മാനഹാനിക്ക് കാരണമാകുന്നുണ്ടെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും അവർ പരാതിയിൽ ആവശ്യപ്പെട്ടു.