തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഓണാഘോഷത്തിനായുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് മലയാളികൾ. വീടുകളിലും വിപണികളിലും ഒരുപോലെ തിരക്ക്. ഓണം പൂർണമാകണമെങ്കിൽ ഉത്രാടപ്പാച്ചിൽ ഒഴിവാക്കാനാകില്ലെന്ന പതിവ് ഇത്തവണയും തുടരുകയാണ്. സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും കുടുംബസംഗമത്തിൻ്റെയും ആഘോഷമാണ് ഓണം. തിരുവോണ നാളിൽ എല്ലാം പൂർണമാക്കാനുള്ള ഒരുക്കങ്ങളാണ് ഉത്രാടദിനത്തിൽ നടക്കുന്നത്. ‘കാണം വിറ്റും ഓണമുണ്ണണം’ എന്ന പഴമൊഴിയെ അന്വർഥമാക്കുന്ന തരത്തിലാണ് അവസാന നിമിഷത്തെ വാങ്ങലുകൾ.
ഓണക്കോടിയും പച്ചക്കറികളും പഴങ്ങളും പൂക്കളും പലവ്യഞ്ജനങ്ങളും ഉൾപ്പെടെ ആവശ്യമായ സാധനങ്ങളെല്ലാം വാങ്ങി വീടുകൾ ഒരുക്കുകയാണ് മലയാളികൾ. കുടുംബാംഗങ്ങൾക്കു മാത്രമല്ല, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കുമായി ഓണക്കോടിയും സമ്മാനങ്ങളും കരുതുന്നവരും ഏറെയാണ്.
ഓൺലൈൻ വ്യാപാരം സജീവമാണെങ്കിലും നേരിട്ട് കടകളിലെത്തി സാധനങ്ങൾ തിരഞ്ഞെടുത്ത് വാങ്ങുന്നതിനാണ് പലരും മുൻഗണന നൽകുന്നത്. ഉത്രാടദിനത്തിലെ തിരക്ക് ചെറുകിട കച്ചവടക്കാർക്കും വൻകിട വ്യാപാരികൾക്കും ഒരുപോലെ നേട്ടമാകുന്നു.
വാങ്ങലുകൾക്ക് പുറമെ വീടുകളിലെ പാചക ഒരുക്കങ്ങളും ഉത്രാടത്തിൻ്റെ പ്രധാന ഭാഗമാണ്. കുടുംബാംഗങ്ങൾ ഒത്തുചേർന്ന് കായ വറുക്കാനും അച്ചാറുകൾ തയ്യാറാക്കാനും മറ്റ് ഓണവിഭവങ്ങൾക്കുള്ള ഒരുക്കങ്ങൾ നടത്താനും ഈ ദിവസം മാറ്റിവയ്ക്കുന്നു. അതുകൊണ്ടുതന്നെ ഏത്തക്കായക്കുലയും ഉത്രാട വാങ്ങലുകളുടെ പ്രധാന പട്ടികയിലുണ്ടാകും.
ഗ്രാമങ്ങളിലായാലും നഗരങ്ങളിലായാലും ഓണത്തിൻ്റെ പഴയ ഓർമകളും ആചാരങ്ങളും ചേർത്തുപിടിച്ചാണ് മലയാളി ആഘോഷത്തിനൊരുങ്ങുന്നത്. ഉത്രാടത്തിലെ ഈ തിരക്കുകൾക്ക് പിന്നാലെ തിരുവോണം എത്തുമ്പോൾ ആഘോഷം അതിൻ്റെ പൂർണതയിലെത്തും. തിരുവോണവും കഴിഞ്ഞ് മൂന്നാമോണത്തോടെയാണ് പല ഇടങ്ങളിലും ഓണാഘോഷങ്ങൾക്ക് സമാപനമാകുന്നത്.