കർണാടക കോൺഗ്രസ് സർക്കാരിൻ്റെ മന്ത്രിസഭാ വികസനത്തിന് പിന്നാലെ ഭരണകക്ഷിക്കുള്ളിൽ അതൃപ്തി രൂക്ഷമായി. മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പ്രമുഖ എംഎൽഎമാർ രാജി പ്രഖ്യാപിച്ചതോടെ പാർട്ടി പ്രതിരോധത്തിലായി. അസന്തുഷ്ട നേതാക്കളെ അനുനയിപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെട്ടിട്ടുണ്ടെങ്കിലും പ്രതിസന്ധി തുടരുകയാണ്.
ഇൻഡി മണ്ഡലത്തിലെ എംഎൽഎ യശ്വന്ത്രായ ഗൗഡ പാട്ടീലും ഭദ്രാവതി എംഎൽഎ സംഗമേഷും മന്ത്രിസ്ഥാനം നിഷേധിച്ചതിൽ പ്രതിഷേധിച്ച് രാജി പ്രഖ്യാപിച്ചു. മുതിർന്ന നേതാവ് ടി.ബി.ജയചന്ദ്രയും രാജി സമർപ്പിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഇതോടെ മന്ത്രിസഭാ വികസനം പാർട്ടിക്കുള്ളിൽ വലിയ രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മാണ്ഡ്യ, കൊപ്പള, വിജയനഗര എന്നിവിടങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങി. വിജയനഗരയിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരെ പ്രതിഷേധക്കാർ കോലം കത്തിക്കുകയും ശക്തമായ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
മന്ത്രിസഭയിൽ ഒരു വനിതയ്ക്ക് മാത്രമാണ് അവസരം ലഭിച്ചതും നിരവധി മുതിർന്ന നേതാക്കളെ ഒഴിവാക്കിയതുമാണ് പാർട്ടിക്കുള്ളിലെ അതൃപ്തി വർധിപ്പിച്ചിരിക്കുന്നത്. അസന്തുഷ്ട നേതാക്കളുമായി ചർച്ച നടത്തി പ്രതിസന്ധി പരിഹരിക്കാൻ കോൺഗ്രസ് കേന്ദ്രനേതൃത്വം ശ്രമം തുടരുകയാണ്.