സ്വകാര്യ ബസുകളിൽ വ്യാപകമാകുന്ന കാബിൻ യാത്രയും ടിക്കറ്റില്ലാ യാത്രയും തടയാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് യുണൈറ്റഡ് മലയാളി ഫെഡറേഷൻ (UMF) കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തും.
കാബിൻ യാത്ര പൂർണമായി നിരോധിക്കുന്നതിനൊപ്പം നിയമലംഘനം നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് UMFയുടെ ആവശ്യം. RTO–പൊലീസ് സംയുക്ത പരിശോധനകൾ ശക്തമാക്കുക, അതിർത്തി ചെക്ക് പോസ്റ്റുകളിലെ പരിശോധന വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. നിയമലംഘനം കണ്ടെത്തുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കുക, ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുക, കനത്ത പിഴ ചുമത്തുക തുടങ്ങിയ നടപടികൾ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെടും.
കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാമെന്ന കാരണത്താൽ വിദ്യാർഥികളും മറ്റ് യാത്രക്കാരും അപകടകരമായ കാബിൻ യാത്രകൾ തിരഞ്ഞെടുക്കരുതെന്ന് സംഘടന മുന്നറിയിപ്പ് നൽകി. “യാത്രയ്ക്കിടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം ഇനി ഉണ്ടാകരുത്” എന്ന നിലപാടോടെയാണ് മന്ത്രിയെ കാണുന്നതെന്നും UMF ജനറൽ സെക്രട്ടറി ജാഷിർ പൊന്ന്യം അറിയിച്ചു.
ഉത്സവകാലങ്ങളിലും അവധി ദിവസങ്ങളിലും പ്രത്യേകിച്ച് മലബാർ മേഖലകളിലേക്കുള്ള സ്വകാര്യ ബസ് സർവീസുകളിൽ ഇത്തരം നിയമലംഘനങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് സംഘടനയുടെ ഇടപെടൽ.
UMF പ്രസിഡണ്ട് അനിൽ തോമസ്, ജനറൽ സെക്രട്ടറി ജാഷിർ പൊന്ന്യം, വൈസ് പ്രസിഡണ്ട് ജോതി പ്രകാശ്, എന്നിവർ അറിയിച്ചു.