സംസ്ഥാനത്ത് 21 അംഗ യുഡിഎഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയും വകുപ്പ് വിഭജനത്തെച്ചൊല്ലി മുന്നണിയിൽ തർക്കം. ആദ്യ മന്ത്രിസഭാ യോഗം ചേർന്നിട്ടും പ്രധാന വകുപ്പുകളുടെ കാര്യത്തിൽ കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ അന്തിമ ധാരണയിലെത്തിയിട്ടില്ല. എന്നാൽ ചർച്ചകളിലൂടെ ഇന്ന് തന്നെ പ്രശ്ന പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇരു പാർട്ടികളും.
വിദ്യാഭ്യാസ വകുപ്പ് വിട്ടുനൽകാം, പക്ഷെ ഫിഷറീസ് വകുപ്പ് വേണമെന്നാണ് മുസ്ലിം ലീഗ് പറയുന്നത്. എന്നാൽ, ഫിഷറീസ് വകുപ്പ് കോൺഗ്രസ് തന്നെ കൈവശം വെക്കണമെന്ന ആവശ്യവുമായി ലത്തീൻ സഭ രംഗത്തെത്തിയതാണ് കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കോൺഗ്രസ്സും ലീഗും നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതോടെ ചർച്ചകൾ നീളുകയാണ്.